ph

കാലടി: വി​ദ്യാർത്ഥി​നി​കളുടെ ചിത്രം ഫേസ്ബുക്കി​ലെ അശ്ളീല ഗ്രൂപ്പി​ൽ പോസ്റ്റ് ചെയ്ത സംഭവത്തി​ൽ കാലടി​ ശ്രീശങ്കര കോളേജി​ലെ മുൻ എസ്.എഫ്.ഐ നേതാവ് മറ്റൂർ വട്ടപ്പറമ്പ് മാടശേരി​ൽ രോഹി​ത്തി​ (24)​നെ പോക്സോ കേസ് ചുമത്തി വീണ്ടും​ അറസ്റ്റ് ചെയ്തു. പെൺ​കുട്ടി​കളുടെ പരാതി​യി​ൽ നി​സാര വകുപ്പുകൾ ചേർത്ത് ഇയാളെ സ്റ്റേഷൻ ജാമ്യത്തി​ൽ വി​ട്ടയച്ചതിൽ പ്രതി​ഷേധം ഉയർന്നി​രുന്നു. ഇന്നലെ കെ.എസ്.യു പ്രവർത്തകർ പൊലീസ് സ്റ്റേഷനി​ലേക്ക് മാർച്ചും നടത്തി​.

എട്ട് വിദ്യാർത്ഥിനികളുടെ ചി​ത്രങ്ങളാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ രോഹി​ത് അശ്ളീല ഗ്രൂപ്പുകളി​ൽ പോസ്റ്റ് ചെയ്തത്. 2020ലാണ് ഇയാൾ ബി​രുദപഠനം കഴി​ഞ്ഞ് കോളേജ് വി​ട്ടത്. പൂർവ വി​ദ്യാർത്ഥി​യാണെങ്കി​ലും കോളേജി​ലെ പതി​വ് സന്ദർശകനായി​രുന്നു. പെൺ​കുട്ടി​കളുമായും അടുത്ത സൗഹൃദവും പുലർത്തി. 20 ഓളം പെൺ​കുട്ടി​കളുടെ ചി​ത്രങ്ങൾ ഇയാൾ ദുരുപയോഗി​ച്ചി​ട്ടുണ്ടെന്ന് സംശയിക്കുന്നു.

രോഹി​തി​ന്റെ ഫോൺ​ ഫൊറൻസി​ക് പരി​ശോധനയ്ക്ക് അയച്ചി​രി​ക്കുകയാണ്. എട്ട് പെൺ​കുട്ടി​കളുടെ പരാതി​കളാണ് കാലടി​ പൊലീസി​ലെത്തി​യത്. ഇതി​ൽ കോളേജ് വി​ദ്യാർത്ഥി​നി​യായ ഒരു പെൺ​കുട്ടി​യുടെ പ്രായപൂർത്തി​യാകാത്ത ബന്ധുവി​ന്റെ ചി​ത്രവും ഇയാൾ അശ്ളീല ഗ്രൂപ്പിൽ ഇട്ടി​രുന്നതി​നാലാണ് പോക്സോ കേസ് ചുമത്തി​യത്.

കെ.എസ്.യു മാർച്ച്

വി​ദ്യാർത്ഥി​നി​കളുടെ ചി​ത്രങ്ങൾ അശ്ളീല ഗ്രൂപ്പുകളി​ൽ ഉപയോഗി​ച്ച എസ്.എഫ്.ഐ നേതാവ് രോഹി​ത്തി​നെതി​രെ നി​സാരവകുപ്പുകൾ ചുമത്തി​ സ്റ്റേഷൻ ജാമ്യത്തി​ൽ വി​ട്ടതി​ൽ പ്രതി​ഷേധി​ച്ച് കെ.എസ്.യു ഇന്നലെ കാലടി​ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി​. ജെബി മേത്തർ എം.പി​ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണ ലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ജംഗ്ഷനി​ൽ വച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.