prathi-

തിരൂർ : 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 58 വയസ്സുകാരനായ പ്രതിയെ 45 വര്‍ഷം കഠിന തടവിനും, 30000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.താനാളൂർ പട്ടരുപറമ്പ് സ്വദേശി മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫ (58) നെയാണ് നാല്പത്തിയഞ്ച് വർഷം കഠിന തടവിനും 30000 രൂപ പിഴയടക്കുവാനും പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവിനും ശിക്ഷിച്ചത്.

തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ ആണ് കേസില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചത്.പ്രതി പിഴയടക്കുന്ന പക്ഷം 25000 രൂപ വിക്ടിമിന് നല്‍കാന്‍ ഉത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. പോലീസ് ഇന്‍സ്പെക്ടറായിരുന്ന ജീവന്‍ ജോര്‍ജ്ജ് ആയിരുന്നു ഈ കേസ്സിലെ അന്വേഷണോദ്യോഗസ്ഥന്‍.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി.

പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.