d

അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് അദ്ധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്. ടി.ഡി.പി എം.എ.ൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിൽ ഗുണ്ടൂർ പൊലീസാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജഗന് പുറമെ ആന്ധ്രാ പൊലീസിന്റെ സി.ഐ.ഡി വിഭാഗം മുൻ മേധാവി പി.വി.സുനിൽ കുമാർ, ഇന്റലിജൻസ് വിഭാഗം മേധാവി പി.എസ്.ആർ.ആഞ്ജനേയലു എന്നിവരുൾപ്പെടെ നാലുപേർ കൂടി കേസിൽ പ്രതികളാണ്.

വധശ്രമം, കസ്റ്റഡി മർദ്ദനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. 2021ൽ ഹൈദരാബാദ് വച്ച് തന്നെ സി.ഐ.ഡി അറസ്റ്റ് ചെയ്‌തു. എന്നാൽ അറസ്റ്റ് വാറണ്ടുണ്ടായിരുന്നില്ല. മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയുമില്ല. ജഗൻ മോഹനും മുതി‌ർന്ന ഉദ്യോഗസ്ഥരും തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തി. ജഗനെ വിമർശിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബലമായി ഗുണ്ടൂരിലേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥ‍ർ ബെൽറ്റും വടിയും ഉപയോഗിച്ച് മർദ്ദിച്ചു. തനിക്ക് ഹൃദ്രോഗമുണ്ടെന്ന് അറിയാവുന്ന ഉദ്യോഗസ്ഥർ മരുന്ന് കഴിക്കാൻ അനുവദിച്ചില്ല. നെഞ്ചിൽ കയറിയിരുന്ന് മർദ്ദിച്ചു. ഫോൺ നശിപ്പിച്ചു. സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മോശമായി പെരുമാറി. വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും പരാതിയിൽ പറയുന്നു.

ചന്ദ്രബാബു നായിഡു അധികാരത്തിൽ എത്തിയതിനു പിന്നാലെ നിരവധി അഴിമതി ആരോപണങ്ങൾ ജഗനെതിരെ ഉയർന്നിരുന്നു.