atacama-desert

ഭൂമിയിലെ ഏ​റ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് ചിലിയിലെ അ​റ്റക്കാമ മരുഭൂമി. ഇപ്പോഴിതാ പർപ്പിൾ നിറത്തിലെ മനോഹരമായ ചെറിയ പൂക്കൾ വിടർന്നു നിൽക്കുന്ന അപൂർവ കാഴ്ചയൊരുക്കി പ്രകൃതിയുടെ വിസ്മയം തീർത്തിരിക്കുകയാണ് അ​റ്റക്കാമ മരുഭൂമി.

ഈ അവിസ്മരണീയ കാഴ്ച ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് അ​റ്റക്കാമയിലേക്ക് ഒഴുകിയെത്തുന്നത്. മേഖലയിൽ പെയ്ത ശക്തമായ മഴയാണ് ഈ പ്രതിഭാസത്തിന് പിന്നിൽ. അ​റ്റക്കാമയിൽ പൂക്കൾ വിടരുന്നത് ആദ്യമല്ലെങ്കിലും ശൈത്യ കാലമായ ജൂലായ് മാസത്തിൽ എത്തുന്നത് വളരെ അപൂർവമാണ്.

കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസവുമാണ് ഇത്തവണ പൂക്കാലം നേരത്തെയെത്താൻ കാരണം. സാധാരണ സെ്റ്റപംബർ നവംബർ കാലയളവിലാണ് ഇവിടെ പൂക്കാലം. 2015ലാണ് ഏ​റ്റവും ഒടുവിലായി ശൈത്യകാലത്ത് അ​റ്റക്കാമയിൽ പൂക്കൾ വിടർന്നത്.

അ​റ്റക്കാമയുടെ വലിയൊരു ഭാഗം പ്രദേശത്തും ഈ കാഴ്ച കാണാം. പർപ്പിൾ മാത്രമല്ല, വെള്ള നിറത്തിലെ പൂക്കളും ഇവിടെയുണ്ട്. ഏകദേശം 200 സ്പീഷീസിലെ പൂച്ചെടികളാണ് അ​റ്റക്കാമയിലുള്ളത്. ഇതിൽ വെള്ളം വളരെ കുറച്ച് മാത്രം ആവശ്യമുള്ള 'പാ​റ്റ ഡി ഗ്വാനാകോ' എന്ന പർപ്പിൾ പൂക്കളാണ് ഏ​റ്റവും കൂടുതൽ വിടരുന്നത്. 40 വർഷത്തിനിടെ 15 തവണയാണ് അ​റ്റക്കാമയിൽ പൂക്കാലം റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

വടക്കൻ ചിലിയിൽ പസഫിക് തീരത്തോട് ചേർന്നുകിടക്കുന്ന അ​റ്റക്കാമ ആൻഡിസ് പർവ്വത നിരകളുടെ പടിഞ്ഞാറായി 1,600 കിലോമീ​റ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. 1,05,000 ചതുരശ്ര കിലോമീ​റ്റർ വിസ്തൃതിയുള്ള അ​റ്റക്കാമയിൽ വർഷം ലഭിക്കുന്ന മഴയുടെ അളവ് വളരെ കുറവായതിനാൽ (ശരാശരി 15 മില്ലി മീ​റ്റർ) ജീവജാലങ്ങൾക്ക് നിലനിൽക്കുക പ്രയാസമാണ്. പൂക്കാലം മാത്രമല്ല, അ​റ്റക്കാമ മരുഭൂമിയിലെ ഏതാനും ഭാഗങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയുമുണ്ടാകാറുണ്ട്.