fish

തിരുവനന്തപുരം: ട്രോളിംഗ് നിരോധനകാലത്ത് വലിയ വില നല്‍കിയാണ് മലയാളികള്‍ മീന്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വരും മാസങ്ങളില്‍ സംസ്ഥാനത്ത് മീനിന്റെ വില കുത്തനെ ഇടിയാനാണ് സാദ്ധ്യത. തീരദേശത്തേയും മത്സ്യത്തൊഴിലാളികളേയും സംബന്ധിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ലെങ്കിലും ദിവസവും വീട്ടില്‍ വാങ്ങുന്ന സാധനമെന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഗുണകരമായി മാറും വിലക്കുറവ് എന്നതില്‍ സംശയമില്ല.

ഇന്ത്യയില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിക്ക് കണ്ടെയ്‌നറുകളും കപ്പലുകളും ഈടാക്കിയിരുന്ന വാടക ഗണ്യമായി ഉയര്‍ത്തിയതാണ് പുതിയ പ്രതിസന്ധിക്കും അതിലൂടെ മീനിന്റെ വില കുറയാനും കാരണമാകുന്നത്. രാജ്യത്ത് നിന്നുള്ള മത്സ്യക്കയറ്റുമതിയില്‍ മുന്നിലുള്ള സംസ്ഥാനമെന്ന നിലയിലാണ് കേരളത്തെ വാടക വര്‍ദ്ധിപ്പിച്ചുള്ള നടപടി ബാധിക്കുക. കേരളത്തിലെ തീരങ്ങളില്‍ നിന്ന് പിടിക്കുന്ന വലിയൊരു പങ്ക് മത്സ്യവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നവയാണ്.

കപ്പല്‍, കണ്ടെയ്‌നര്‍ വാടക ഉയര്‍ന്നതോടെ ഇത് കേരളത്തില്‍ നിന്നുള്ള കയറ്റുമതിയെ സാരമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് പൊതുമാര്‍ക്കറ്റില്‍ വരും മാസങ്ങളില്‍ വില കുറയുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നത്. ഒറ്റയടിക്ക് ഇരട്ടിയിലധികം നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ വിദേശ മാര്‍ക്കറ്റുകളിലേക്കുള്ള ചെമ്മീന്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളുടെ കയറ്റുമതി അവതാളത്തിലായിരിക്കുകയാണ്. മുന്നറിയിപ്പില്ലാതെയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന് കയറ്റുമതിക്കാര്‍ ആരോപിക്കുന്നു.

മുമ്പ് മൂന്നുലക്ഷം രൂപയായിരുന്നു അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലേക്കുള്ള കപ്പല്‍ വാടക. എന്നാല്‍ ഇപ്പോഴിത് 8.5 ലക്ഷമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. യൂറോപ്പിലേക്കുള്ള കപ്പല്‍-കണ്ടെയ്നര്‍ നിരക്കിലും വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. രണ്ടരലക്ഷം രൂപ ഉണ്ടായിരുന്നത് ആറരലക്ഷം രൂപയിലേക്കാണ് ഉയര്‍ത്തിയത്. അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്തിരുന്ന കൊച്ചിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. മറ്റുപല സ്ഥാപനങ്ങളും സമാനമായ പ്രതിസന്ധിയിലാണ്.