snake-bite

ലക്‌നൗ: 24കാരനായ യുവാവിന് 35 ദിവസങ്ങള്‍ക്കിടെ പാമ്പ്കടിയേറ്റത് ഒന്നും രണ്ടും തവണയല്ല ആറ് തവണയാണ്. എന്നാല്‍ ഏറ്റവും അത്ഭുതകരവും ആശ്വാസകരവുമായ കാര്യം എന്താണെന്നാല്‍ ഇത്രയും അധികം തവണ പാമ്പിന്റെ കടിയേറ്റിട്ടും ഇപ്പോഴും അയാളുടെ ജീവന് ഒരു ആപത്തും സംഭവിച്ചിട്ടില്ലെന്നതാണ്. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലെ സൗര ഗ്രാമത്തിലെ ഒരു യുവാവിനാണ് ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടായിരിക്കുന്നത്.

ഓരോ തവണ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയില്‍ എത്തിക്കുമ്പോഴും ആരോഗ്യനില മെച്ചപ്പെട്ട് തിരിച്ച് വീട്ടിലേക്ക് പോകാന്‍ വികാസ് എന്ന ചെറുപ്പക്കാരന് കഴിയുന്നുണ്ട്. ജൂണ്‍ രണ്ടിന് ആണ് ആദ്യമായി വികാസിനെ പാമ്പ് കടിച്ചത്. സംഭവം നടന്ന് ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വൈകാതെ വികാസ് വീട്ടിലേക്ക് മടങ്ങി. അവിടെ നിന്ന് ജൂലായ് ആറ് വരെയുള്ള ദിവസങ്ങള്‍ക്കിടെ അഞ്ച് തവണ കൂടി യുവാവിനെ പാമ്പ് കടിച്ചു.

നാലാമത്തെ തവണ പാമ്പുകടിയേറ്റതിന് ശേഷം, വികാസിനോട് വീട് വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാന്‍ ഉപദേശിച്ചു. രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും വീണ്ടും കടിയേറ്റു. ഇതോടെ മാതാപിതാക്കള്‍ തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. എന്നിട്ടും ഒരു തവണ കൂടി പാമ്പ് വികാസിനെ കടിച്ചു.


പാമ്പുകടിയേറ്റ ദിവസങ്ങള്‍ക്കും പ്രത്യേകതയുണ്ട്. എല്ലായ്പ്പോഴും ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് പാമ്പിന്റെ ആക്രമണം ഉണ്ടായിരുന്നത്. ഓരോ തവണയും കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുന്‍കരുതല്‍ ഉണ്ടായിരുന്നുവെന്നും വികാസ് ദുബെ പറയുന്നു. എന്നാല്‍ പാമ്പ് എപ്പോഴും ഇയാളുടെ വീട്ടില്‍ എങ്ങനെയാണ് എത്തുന്നതെന്നും പതിവായി ഇയാളെ മാത്രം കടിക്കുന്നതെന്നും ഇപ്പോഴും വ്യക്തമല്ല.