agriculture

തിരുവനന്തപുരം: ആരോഗ്യത്തിന് നല്ലതെന്ന ഒറ്റ ലേബല്‍ മാത്രം മതി, പിന്നെ എന്ത് വില കൊടുത്തും ഗുണമേന്മ പോലും പരിശോധിക്കാതെ മലയാളികള്‍ വാങ്ങിക്കോളും. ഈ കച്ചവടതന്ത്രമാണ് പലരും പ്രയോഗിക്കുന്നതും കീശ നിറയ്ക്കുന്നതും. നമ്മുടെ നാട്ടിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവില്‍ ഏറ്റവും അധികം കച്ചവടം നടക്കുന്ന സാധനങ്ങളില്‍ ഒന്നാണ് വൈറ്റമിന്റെ കലവറയെന്ന് അറിയപ്പെടുന്ന മെക്‌സിക്കന്‍ പഴ വര്‍ഗമായ ഡ്രാഗണ്‍ ഫ്രൂട്ട്.

കേരളത്തില്‍ വീടുകളില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നവരുണ്ട്. എന്നാല്‍ അതെല്ലാം വളരെ തുച്ഛമായ എണ്ണത്തില്‍ മാത്രമാണ്. ആരോഗ്യത്തിന് നല്ലതെന്ന പേരില്‍ നമ്മുടെ നാട്ടില്‍ കച്ചവടം ചെയ്യുന്ന ഈ പഴയിനത്തില്‍ നല്ലൊരു പങ്കും കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട് എത്തിക്കുന്നവയാണ്. പ്രധാനമായും വിയറ്റ്‌നാമില്‍ നിന്ന് എത്തിക്കുന്ന പഴമാണ് തെരുവില്‍ കച്ചവടം ചെയ്യുന്നത്. ചെന്നൈയില്‍ നിന്നാണ് ഇറക്കുമതി ചെയ്ത സാധനം കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

പത്ത് കിലോഗ്രാം അടങ്ങി ഒരു ബോക്‌സിന് നല്‍കേണ്ട മൊത്തവില വെറും 600 രൂപ മാത്രമാണ്. ഇതില്‍ പായ്ക്ക് ചെയ്തിരിക്കുന്നതിന്റെ തൂക്കം കഴിച്ച് 9.400 കിലോഗ്രാം വരെ ഡ്രാഗണ്‍ ഫ്രൂട്ട് ലഭ്യമാകും. 600 രൂപയ്ക്ക് ഒരു ബോക്‌സ് വാങ്ങിയ ശേഷം കിലോഗ്രാമിന് 250-300 മുതല്‍ മുകളിലേക്കാണ് പലരും വില ഈടാക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കയറ്റുമതി ലക്ഷ്യമിട്ട് ഉള്ളത് ആയതിനാല്‍ തന്നെ കെമിക്കല്‍ കലര്‍ന്ന മരുന്നടിച്ചാണ് ഇവ എത്തുന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ട്.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗുണങ്ങള്‍

വൈറ്റമിന്‍ സമ്പുഷ്ടമായ ഈ പഴവര്‍ഗം കലോറി കുറവുള്ളതാണ്. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ വളരെ അധികം സഹാകമാണ്. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ മലബന്ദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹാരമാണ്. അതോടൊപ്പം തന്നെ മധുരം കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി കഴിക്കാം എന്നത് മറ്റൊരു സവിശേഷതയാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിക്കും വളരെ നല്ലതാണ്.