kochi-metro

കൊച്ചി: ജൂലായ് മാസത്തില്‍ വന്‍ ഹിറ്റായി മുന്നേറുകയാണ് കൊച്ചി മെട്രോ. കഴിഞ്ഞ പത്ത് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ പ്രതിദിനം ഒരു ലക്ഷത്തിന് മുകളിലാണ് ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം. തിരക്ക് വര്‍ദ്ധിച്ചതോടെ സര്‍വീസുകളുടെ എണ്ണം കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലാണ് കെഎംആര്‍എല്‍ അധികൃതര്‍. രണ്ട് ട്രെയിനുകള്‍ കൂടി അധികമായി സര്‍വീസ് നടത്താനാണ് തീരുമാനം.

രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള കാത്തിരിപ്പു സമയം നിലവില്‍ 7 മിനിറ്റും 45 സെക്കന്‍ഡുമാണ്. രണ്ടു ട്രെയിനുകള്‍ കൂടി അധികമായി വരുന്നതോടെ കാത്തിരിപ്പ് സമയം 45 സെക്കന്‍ഡ് കുറഞ്ഞ് 7 മിനിറ്റായി ചുരുങ്ങും.

ജൂലായ് 15 മുതല്‍ പുതിയ മാറ്റം അനുസരിച്ച് 12 ട്രിപ്പുകള്‍ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതല്‍ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും കൊച്ചി മെട്രോ നടത്തുക. 3 കോച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

ഈ മാസം ഒന്ന് മുതല്‍ 11 വരെ തീയതികളിലെ കണക്ക് പരിശോധിച്ചാല്‍ 12 ലക്ഷം പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഇനി ഈ വര്‍ഷം ആദ്യ ആറ് മാസത്തെ കണക്ക് പരിശോധിച്ചാല്‍ ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ ഒര കോടി 64 ലക്ഷം (1.64 കോടി) യാത്രക്കാരാണ് കൊച്ചി മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയത്.