vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെയാകെ നേട്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ തിരുവനന്തപുരം നഗരവും നഗരവാസികളും തന്നെയായിരിക്കും. ദുബായ്, സിംഗപ്പൂര്‍, കൊളംബോ തുടങ്ങിയ ഹബ്ബുകള്‍ക്കെതിരെ ഇന്ത്യയെ മത്സരാധിഷ്ഠിതമായി സ്ഥാപിക്കുന്നതില്‍ വിഴിഞ്ഞത്തിന്റെ പങ്ക് വിചാരിക്കുന്നതിലും വലുതാണ്. വിഴിഞ്ഞത്തിന്റെ മത്സരം കൊളംബോ,സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട ട്രാന്‍ഷിപ്‌മെന്റ് തുറമുഖങ്ങളോടായിരിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സൊനാവള്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

വിഴിഞ്ഞം സമ്പൂര്‍ണ തുറമുഖമാകുന്നതോടെ 10,000 കോടി നിക്ഷേപം വരും. 5000 തൊഴിലവസരങ്ങളുണ്ടാവും. 50 കോടി ചെലവില്‍ തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങും. അയല്‍രാജ്യങ്ങള്‍ക്കും വിഴിഞ്ഞം ഉപകാരപ്പെടും. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും 2028-29 ഓടെ പൂര്‍ണ പൂര്‍ത്തീകരണമുണ്ടാകുമെന്നും അദാനി പോര്‍ട്ട്‌സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി അറിയിച്ചു. തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ അത് തിരുവനന്തപുരം നഗരത്തിന്റെ വന്‍ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കും. ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വികസിത നഗരങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരത്തെ എത്തിക്കാന്‍ വിഴിഞ്ഞത്തിന് കഴിയും എന്നതാണ് പ്രധാനപ്പെട്ട കാര്യം.

വിഴിഞ്ഞം കേന്ദ്രീകരിച്ച് വരാനിരിക്കുന്ന നിക്ഷേപമാണ് ഇതിന്റെ ആധാരം. അദാനിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് തുറമുഖ പദ്ധതിയില്‍ മൊത്തം 200 ബില്യണ്‍ (2.39 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. ഇന്ന് ഇറങ്ങിയ ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ഘട്ടത്തിലേക്ക് അദാനി പോര്‍ട്ട്‌സ് മാത്രം 100 ബില്യണ്‍ (1.2 ബില്യണ്‍ ഡോളര്‍) സംഭാവന ചെയ്യും.

'ഇപ്പോള്‍ തുറമുഖത്ത് കിടക്കുന്ന മദര്‍ഷിപ്പ് ഇന്ത്യന്‍ സമുദ്ര ചരിത്രത്തിലെ ഒരു പുതിയ മഹത്തായ നേട്ടത്തിന്റെ പ്രതീകമാണ്.'' തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കരണ്‍ അദാനി പറഞ്ഞു. 'ഇന്ത്യയുടെ ഈ ഭാഗത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഞങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നതിന് ഈ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം നഗരത്തെ വിഴിഞ്ഞം കേന്ദ്രീകരിച്ച് വികസന ഇടനാഴിയാക്കുമെന്നാണ് കരണ്‍ അദാനി അവകാശപ്പെടുന്നത്. ആധുനിക മത്സ്യബന്ധന ഹാര്‍ബര്‍, ഹാര്‍ബറിലേക്ക് ഔട്ടര്‍ റിംഗ് റോഡ്, സീഫുഡ് പാര്‍ക്ക്, ക്രൂസ് ടൂറിസം സൗകര്യങ്ങള്‍, വ്യവസായ ഇടനാഴി എന്നിവ നിര്‍മ്മിക്കുമെന്ന് അദാനി പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി. നിര്‍മ്മാണം, ഓപ്പറേഷന്‍സ് രംഗത്ത് 2000 തൊഴിലവസരം സൃഷ്ടിച്ചു. ഭാവിയില്‍ 5500 പേര്‍ക്ക് തൊഴില്‍ കിട്ടും. നൈപുണ്യവികസന കേന്ദ്രത്തില്‍ നൂറുകണക്കിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കും - അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തിന് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും
തൊഴിലവസരങ്ങളില്‍ വന്‍ കുതിപ്പ്
റോഡുകളിലും ഗതാഗത മേഖലയിലും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ (റിംഗ് റോഡ്, മെട്രോ റെയില്‍ പോലുള്ളവ)
ജനസംഖ്യയും നഗരവത്കരണവും വേഗത്തില്‍ ഉയരും
മറ്റ് പ്രദേശങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടും (രാജ്യാന്തര തലത്തിലും ആഭ്യന്തര തലത്തിലും)