agriculture

കോട്ടയം : മദ്ധ്യകേരളത്തിന്റെ 'ദേശീയ ഭക്ഷണമായ' വാട്ടുകപ്പ കര്‍ഷക വീടുകളില്‍ കുമിഞ്ഞു കൂടുമ്പോഴും വ്യാപാരികള്‍ക്ക് പ്രിയം തമിഴ്‌നാടിനോട്. ലാഭം കൂടുതലായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കപ്പ ഇറക്കുമതി ചെയ്ത് നാടനെന്ന പേരില്‍ വില്‍ക്കുകയാണ്. ഇതോടെ ക്വിന്റല്‍ കണക്കിന് നാടന്‍ കപ്പയാണ് ചാക്കുകളില്‍ വിശ്രമിക്കുന്നത്. മലയോരത്ത് ഉത്സവാന്തരീക്ഷത്തിലാണ് കപ്പവാട്ടല്‍. റേഷന്‍ കിറ്റിനൊപ്പം വാട്ടുകപ്പ കൂടി നല്‍കാനുള്ള ആലോചന വന്നപ്പോള്‍ കര്‍ഷക കൂട്ടായ്മകള്‍ ഉണര്‍ന്നു. ഡ്രയര്‍ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഉണക്കിയെടുത്ത് തുടങ്ങി. പക്ഷേ, പ്രതീക്ഷകള്‍ തെറ്റി. കിറ്റില്‍ കപ്പ വന്നില്ല. വ്യാപാരികള്‍ എടുത്തുമില്ല. ചാക്കിലാക്കി വീട്ടകങ്ങളില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കൂടി കൈവിട്ടാല്‍ കര്‍ഷകര്‍ കഷ്ടത്തിലാകും.

തമിഴ് കപ്പയ്ക്ക് ലാഭം കൂടുതല്‍

നാടന്‍ കപ്പയ്ക്ക് 50 - 60 രൂപ വിലയ്ക്കാണ് കര്‍ഷകര്‍ വില്‍ക്കുന്നത്. തമിഴ്‌നാട്ടിലാവട്ടെ 30 - 45 മുടക്കിയാല്‍ ഒരു കിലോ കിട്ടും. കൂടുതല്‍ അളവിലെടുക്കുമ്പോള്‍ വീണ്ടും വില കുറയും. കടയില്‍ 100 രൂപയ്ക്കാണ് വില്പന. കൂടുതല്‍ കാലം സൂക്ഷിക്കാന്‍ രാസപദാര്‍ത്ഥങ്ങളും കലര്‍ത്തിയിട്ടുള്ളതിനാല്‍ നശിക്കാനുള്ള സാദ്ധ്യതയും കുറവാണ്. കേരള ഫീഡ്‌സ് വാട്ടുകപ്പ വാങ്ങുന്നത് പുറത്തു നിന്നാണ്. ഇവിടെ നിന്ന് സംഭരിച്ചാല്‍ ഏറെ പ്രയോജനകരമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

നാടന്‍ കപ്പയുടെ ഗുണം

അന്നജത്തിന്റെ അളവ് കൂടുതല്‍

കാലിത്തീറ്റ നിര്‍മാണത്തിന് ഉത്തമം

'' വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സംഭരിച്ച് വച്ചിരിക്കുന്ന വാട്ടുകപ്പ മഴയില്‍ കേടാകാന്‍ സാദ്ധ്യതയുണ്ട്.

ബിനോയ് തോമസ്, കര്‍ഷകന്‍