kseb

പത്തനംതിട്ട : ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരുത്തിയ വൈദ്യുതി ബില്‍ കുടിശിക 20 കോടി കടന്നു. മാസങ്ങളായി ഒരു രൂപ പോലും വൈദ്യുതി ബില്‍ അടയ്ക്കാത്ത നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. പൊലീസ്, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയവയാണ് പ്രധാനമായും കുടിശിക വരുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ അവശ്യസേവന വിഭാഗമെന്ന ഒറ്റ പരിഗണനയിലാണ് കെ.എസ്.ഇ.ബി ഈ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാതിരിക്കുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി കുടിശിക വരുത്തിയ സര്‍ക്കാര്‍ ഓഫീസ് വാട്ടര്‍ അതോറിറ്റിയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 52 കോടിയായിരുന്നു കുടിശിക. വൈദ്യുതി ബില്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സമയങ്ങളില്‍ നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍, സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് 50 കോടി അടച്ചു. ഇപ്പോള്‍ 9.1കോടിയാണ് കുടിശിക. വലിയ കുടിശിക വരുത്താത്തത് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളാണ്. രണ്ടു മാസത്തിലധികം കുടിശിക ഉണ്ടാകാറില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രി നാലുകോടിയോളം രൂപ കുടിശിക വരുത്തിയിരുന്നു. ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ കുടിശികയുടെ ബാദ്ധ്യത നഗരസഭയില്‍ നിന്ന് ഒഴിവായെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ജില്ലാ പഞ്ചായത്തിന് കൈമാറിയ ശേഷം 64,000 രൂപയുടെ കുടിശികയാണുള്ളത്.

കുടിശിക വരുത്തിയ പ്രധാന ഓഫീസുകള്‍

വാട്ടര്‍ അതോറിറ്റ് : 9.1 കോടി

പൊലീസ് : 2.3 കോടി

സര്‍ക്കാര്‍ ആശുപത്രികള്‍ : 4 കോടി

മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ : 4.5

കുടിശിക അടച്ചു തീര്‍ക്കാന്‍ ഓഫീസ് നോട്ടീസ് നല്‍കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കത്തു നല്‍കിവരുന്നു.

കെ.എസ്.ഇ.ബി അധികൃതര്‍