mrkt

വെഞ്ഞാറമൂട്: ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോൾ മീനുകൾക്ക് വില കൂടിയെങ്കിലും വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ ചാകരക്കാലമായതോടെ ജനത്തിന് അല്പമൊന്ന് ആശ്വസിക്കാം. വിലയിൽ കുറച്ചൊക്കെ ആശ്വാസമുണ്ട്. എന്നാൽ ഒന്നിനും അടുക്കാതെ പച്ചക്കറിവില അതുപോലെ തുടരുകയാണ്. ഇഞ്ചിയും ചേനയും മറ്റുപലതും നൂറ് കടന്നു. തൊട്ടുപിന്നാലെ നൂറ് തൊടാനുള്ള ശ്രമത്തിലാണ് ചില പച്ചക്കറി ആശാന്മാർ.

ഇറച്ചിവിലയിലും കാര്യമായ കുറവില്ല. അഞ്ച് ദിവസത്തിനിടെ കോഴിയിറച്ചിക്ക് കിലോഗ്രാമിന് അഞ്ചുരൂപ കൂടി. പലവ്യഞ്ജനങ്ങളുടെ വിലയും കൂടി. പരിപ്പിന് കിലോഗ്രാമിന് 150 രൂപയിലേറെ വിലയുണ്ട്. അരിവിലയും ഉയർന്നുതന്നെയാണ് നിൽക്കുന്നത്. അരി 45- 50 രൂപയായി. ഭക്ഷ്യക്ഷാമം പറഞ്ഞ് അവശ്യ വസ്തുക്കൾ അനധികൃതമായി വൻകിട കമ്പനികൾ ശേഖരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പറയുന്നത്.

ജാഗ്രത വേണം:

തമിഴ്‌നാട്, കർണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള മീനിന്റെ വരവ് വർദ്ധിച്ചു. അയൽസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മീനുകൾ പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി രാസവസ്തുക്കൾ തളിക്കുന്നവയുമാണ്. ഈ മത്സ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വയറിളക്കം, ഛർദ്ദി എന്നിവയുണ്ടാക്കാം. ലോറികളിൽ കൊണ്ടുവരുന്നതിന് പുറമേ ഇപ്പോൾ ട്രെയിനിൽ പോലും അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ടെന്നാണ് കണ്ടെത്തൽ.

 കടുത്ത വെയിലിൽ കരിഞ്ഞുണങ്ങിയ പച്ചക്കറികൾ കർഷകന്റെ കണ്ണീരായപ്പോൾ പിന്നീട് വന്ന മഴ ബാക്കിയുള്ള പച്ചക്കറിയും വേരോടെ കൊണ്ടുപോയി. ഓണക്കാലമാകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ ഉയർന്ന തക്കാളി അടക്കമുള്ളവയുടെ വില കുറഞ്ഞിട്ടുണ്ട്. സാധാരണയായി പച്ചക്കറികൾക്ക് ഓണക്കാലത്തുണ്ടാകുന്ന വിലക്കയറ്റം മൂന്നുമാസം മുന്നേയെത്തി.

മീൻവില

ചെമ്മീൻ : 250

അയല: 200

മഞ്ഞക്കോര:200

കേര: 210

ചാള : 150

നെത്തോലി: 200

മത്തി :200

പച്ചക്കറി :

ഇഞ്ചി: 110

മുരിങ്ങയ്ക്ക: 120

ചേന: 85

ചെറുനാരങ്ങ: 80.

പാവൽ: 80

പടവലം :70

തക്കാളി 70

കോളിഫ്‌ളവർ: 65

ബീൻസ്: 60

അമര: 60

ബീറ്റ്‌റൂട്ട്: 55

കാരറ്റ്: 55

ഉള്ളി : 50

സവാള :50