virudhar

ചോര തുടിക്കും ചെറുകൈയുകളേ,​ പേറുക വന്നീ പന്തങ്ങൾ! നവയുഗത്തിന്റെ വാകത്തോപ്പുകൾ വിരിയിക്കാൻ, മൃഗീയതയുടെ കാടുകൾ കത്തിത്താൻ പുത്തൻ തലമുറ ഒരുങ്ങണമെന്ന ആഹ്വാനമാണ് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഈ വരികളിൽ. ചോര തുടിക്കുന്ന യൗവനം മാറ്റത്തിന്റെ കൈകളാകണമെന്നാണ് 'പന്തങ്ങൾ" എന്ന കവിതയിൽ കവി പറയുന്നത്. പത്തനംതിട്ടയിൽ ബി.ജെ.പിയിലും മറ്റും നിന്നെത്തിയ 62 'ചോര തുടിക്കും ചെറു കൈയുകളെ" സി.പി.എമ്മിന്റെ പന്തം പേറാൻ ഏൽപ്പിച്ചതാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പൊങ്കാല.

പൂമാലയണിയിച്ച് ഇവരെ സഖാക്കളായി സ്വീകരിച്ചത് നിസാരക്കാരല്ല- അതേ ജില്ലക്കാരിയായ മന്ത്രി വീണാ ജോർജും പാർട്ടി ജില്ലാ സെക്രട്ടറി ഉദയഭാനുവും. അതിൽ എന്താണിത്ര പുതുമയെന്നു ചോദിച്ചാൽ, നേതാക്കൾ മാത്രമല്ല, പാർട്ടിയും പുലിവാൽ പിടിച്ചു എന്നതു തന്നെ! പാർട്ടിയിലെ പുത്തൻ കൂറ്റുകാരിൽ പലരും 'പല മണ്ഡലങ്ങളിൽ" പ്രാവീണ്യം തെളിയിച്ചവർ. പ്രാവീണ്യത്തെപ്പറ്റി പറഞ്ഞുകേൾക്കുന്നത് ഇങ്ങനെ: ഒരാൾ കാപ്പ കേസിൽപ്പെട്ടതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. രണ്ടാമത്തെ യുവാവ് നിരവധി കഞ്ചാവ്, ക്രിമിനൽ കേസുകളിലെ പ്രതിയും, എസ്.എഫ്.ഐക്കാരെത്തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയാലായ ആളും.

കഞ്ചാവ് കൈവശം വച്ചതിന് മറ്റൊരു പുത്തൻ സഖാവ് എക്സൈസിന്റെ പിടിയിലായത്,​ പാർട്ടിയിലേക്ക് ആളെ മാലയിട്ടു സ്വീകരിച്ചതിന്റെ പിറ്റേന്ന്. പാർട്ടിയിൽ മാറ്റത്തിന്റെ കൈകളാക്കാൻ പറ്റിയ 'ചോര തുടിക്കുന്ന യൗവനങ്ങൾ" തന്നെ എന്നാണ് പാർട്ടി അണികൾക്കിടയിലെ വിമർശനം. ചേരേണ്ടിടത്തു തന്നെ അവർ ഒടുവിൽ ചേർന്നെന്നും,​ ഇനി അവർ പന്തം പേറിക്കൊള്ളുമെന്നും പ്രതിപക്ഷത്തിന്റെ പരിഹാസം.

ഇതിൽ കാപ്പ കേസിൽ പൊലീസ് പ്രതിയാക്കിയെന്നു പറയുന്ന യുവാവ് അതൊക്കെ വിട്ട് നന്നായെന്നായിരുന്നു ആദ്യം നേതാക്കളുടെ വാദം. കാപ്പ പ്രതിയായിരുന്നില്ലെന്ന് പിന്നീട് തിരുത്തൽ. പാർട്ടിയിൽ ചേർന്ന ശേഷം ഒരു 'സഖാവിനെ" അവർ കഞ്ചാവുമായി പിടികൂടിയത് ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി. ആരോപണം നിഷേധിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ. എന്തായാലും മൂന്നാമത്തെയാളെക്കുറിച്ച് പാർട്ടിയുടെ നിഷേധക്കുറിപ്പ് കണ്ടില്ല.

'വലപ്പോഴും കോഴി ബിരിയാണി കഴിക്കുമെന്നല്ലാതെ അവരിൽ ഒരു വർഗീയതയും ഞാൻ കണ്ടിട്ടില്ല. അഥവാ അൽപ്പസ്വൽപ്പം വർഗീയത ഉണ്ടായിരുന്നെങ്കിൽത്തന്നെ ഞങ്ങളുടെ പാർട്ടിയിൽ വന്ന ശേഷം പാടേ ഇല്ലാതായി" എന്ന് 'സന്ദർഭം" എന്ന സിനിമയിൽ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രം പറയുന്നതു പോലെ, പുതിയ സഖാക്കൾക്കും നല്ല സർട്ടിഫിക്കറ്റ് നൽകാനുള്ള വെമ്പലിലാണ് പാർട്ടി നേതാക്കൾ. ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് അവരെ കുറ്റവാളികളാക്കുന്നത്. തെറ്റുകൾ തിരുത്തി നല്ല മനുഷ്യരാകാൻ അവസരം നൽകാം.

തിരഞ്ഞെടുപ്പിലെ പതനത്തിനു ശേഷം പാർട്ടി നേതാക്കൾ പറയുന്ന 'തെറ്റു തിരുത്തൽ" ഇങ്ങനെയാണോ എന്നാണ് എതിരാളികളുടെ ചോദ്യം. ഒരാളെ നന്നാകാനും വിടാത്ത ദുഷ്ടന്മാർ! മൂന്നു വർഷത്തെ ഭരണംകൊണ്ട് ആരോഗ്യ വകുപ്പിനെ അലമ്പാക്കിയെന്നാണ് മന്ത്രി വീണാ ജോർജിനെതിരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉയർത്തുന്ന ആക്ഷേപം; സ്ത്രീപക്ഷത്തു നിൽക്കേണ്ട മന്ത്രി സ്ത്രീപീ‌ഡകരുടെ സംരക്ഷകയായെന്നും! അസൂയാലുക്കൾ അങ്ങനെ പലതും പറയും. തളരരുത് സഖാക്കളേ,​ മുന്നോട്ട്!

 

'നല്ലതല്ലൊരുവൻ ചെയ്ത നല്ല കാര്യം മറപ്പത്,​ നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം.' ശ്രീനാരായണ ഗുരുദേവൻ രചിച്ച 'സദാചാര" ത്തിലെ ഉപദേശമാണ്. ആറ്റുനോറ്റിരുന്ന വിഴിഞ്ഞം തുറമുഖത്ത് കടിഞ്ഞൂൽക്കുഞ്ഞ് പിറന്നു. നൂലുകെട്ടും ചോറൂണും കഴിഞ്ഞു. തുറമുഖം ആരുടെ കുഞ്ഞെന്ന തർക്കം അനന്തകാലം തുടരുമെന്നതിൽ തർക്കമില്ല. പക്ഷേ, കഴിഞ്ഞ കാലങ്ങളിൽ ഈ സ്വപ്നം പൂവണിയിക്കാൻ ഒപ്പം നിന്നവരെ മറക്കുന്നത് അനൗചിത്യമാകുമെന്നാണ് വിദുരരുടെ പക്ഷം. ഏതെങ്കിലുമൊരു സർക്കാരിനു കീഴിൽ ഒരു സുപ്രഭാതത്തിൽ പിറന്നു വീണതല്ലല്ലോ ഈ കുഞ്ഞ്.

വിഴിഞ്ഞത്ത് ആദ്യ ചരക്കു കപ്പൽ തീരത്തണഞ്ഞതിന്റെ ആഘോഷത്തിമിർപ്പ് ഒടുങ്ങിയിട്ടില്ല. ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വി‌ജയൻ,​ 2006 മുതലുള്ള ഇടതു സർക്കാരുകളുടെ കാലത്ത് തുറമുഖത്തിനായി നടത്തിയ പ്രവർത്തനങ്ങളും, തുറമുഖ വകുപ്പ് മന്ത്രിമാരുടെ പേരുകളും വരെ ഓർത്തെടുത്ത് പറഞ്ഞതിനിടെ ഒരു പ്രധാന പേര് വിട്ടത് കല്ലുകടിയായി- 2011 മുതൽ 2016 വരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയാണ് മുഖ്യമന്ത്രി മറന്നുകളഞ്ഞത്. മുഖ്യമന്ത്രി ആ പേര് മന:പൂർവം വിട്ടുകളഞ്ഞതാണെന്ന് പ്രതിപക്ഷം. എല്ലാം തന്റെ മിടുക്കാണെന്ന് വീമ്പിളക്കുന്ന 'എട്ടുകാലി മമ്മൂഞ്ഞിനെ"പ്പോലെ പിണറായി സ്വയം ചെറുതായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കേന്ദ്ര മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെപ്പോലും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പൂർണ്ണ സംഘിയായെന്ന് കെ. മുരളീധരൻ. വിവാദപ്പെരുമഴയിലും സഖാവിന് കുലുക്കമില്ല. അതാണ് പിണറായി സ്റ്റൈൽ! വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിൽ ഉമ്മൻചാണ്ടി നൽകിയ സേവനവും ആത്മസമർപ്പണവും പറയാതെ ഈ ചരിത്ര നിമിഷത്തിന്റെ ഓർമ്മകൾ പൂർത്തിയാകില്ലെന്ന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ പ്രകീർത്തിക്കുകയാണ് പ്രതിപക്ഷം. ഒരു രാത്രികൊണ്ട് നേരം വെളുക്കില്ലല്ലോ എന്നും!

 

ബോംബുകളുടെയും കൂടോത്രങ്ങളുടെയും നാടെന്ന് ചീത്തപ്പേരു കേൾപ്പിച്ച കണ്ണൂരിന് ശാപമോക്ഷം! ശ്രീകണ്ഠാപുരത്തെ സ്വകാര്യ പറമ്പ് കുഴിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കു കിട്ടിയത് നിധികുംഭം. പറമ്പിൽ തേങ്ങ എടുക്കാൻ പോയ വ‌ൃദ്ധൻ ബോബ് പൊട്ടി മരിച്ചതുപോലെ, ഇതും ബോംബാകുമോ എന്നാണ് ആദ്യം ഭയന്നത്. കിട്ടിയതാകട്ടെ,​ വെള്ളി നാണയങ്ങളുടെയും മുത്തുമണികളുടെയും ശേഖരം. 'ഫ്രഞ്ച് പുത്തൻ" എന്നറിയപ്പെടുന്ന മാഹിപ്പണവും പഴയ വെനീഷ്യൻ നാണയങ്ങളും കൂട്ടത്തിൽ.

പക്ഷേ, നിധി കണ്ടെടുത്തവർ ഒടുവിൽ കാഴ്ചക്കാരായി. പൊലീസെത്തി കസ്റ്റഡിയിലെടുത്ത നിധി കോടതിയിലേക്ക്.

പിന്നെ പുരാവസ്തു വകുപ്പിന്റെ ശേഖരത്തിൽ. 'മണ്ണും ചാരി നിന്ന സർക്കാർ പൊന്നുംകൊണ്ടു പോയെ"ന്ന്

നാട്ടുകാർ. നിധി കുഴിച്ചെടുത്ത വിവരമറിഞ്ഞ് ആദ്യ ദിവസം ശ്രീകണ്ഠാപുരത്തേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.

നിധി പൊലീസ് കൊണ്ടുപോയതോടെ ആ ഒഴുക്കു നിലച്ചു. പിറ്റേന്നും ഭൂമി കുഴിച്ച് നിധിയെടുത്തു. പക്ഷേ, പൂരം

കഴിഞ്ഞ പറമ്പു പോലെ സ്ഥലം വിജനം. കണ്ടെടുത്ത നാണയങ്ങൾക്ക് 300 വർഷത്തെ പഴക്കമുണ്ടാകും എന്നാണ് നിഗമനം. അപ്പോൾ, പരിസര പ്രദേശങ്ങളിൽ ഇതു പോലുള്ള നിധി കംഭങ്ങൾ ഇനിയും കാണും. സർക്കാർ കുഴിച്ചെടുക്കട്ടെ; നമുക്കെന്താ ഗുണം?​ അവരായി,​ അവരുടെ പാടായി! പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തു കാര്യം!

നുറുങ്ങ്:

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന്, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങിപ്പോൾ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടി മുത്തശ്ശി.

 പിച്ചച്ചട്ടിയായിരിക്കുമോ ചിഹ്നമെന്നു സംശയിച്ച് ചിലർ..