e

മുംബയ്: അധികാര ദുർവിനിയോഗം നടത്തിയതിന് നടപടി നേരിട്ട വിവാദ ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജാ ഖേദ്കറിന് കുരുക്ക് മുറുകുന്നു. വിവിധ വിഷയങ്ങളിൽ ഉദ്യോഗസ്ഥക്കെതിരേ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ മാതാപിതാക്കൾക്കെതിരെയും പൂനെ പൊലീസ് കേസെടുത്തു. പൂജയുടെ അമ്മ മനോരമ ഖേദ്കർ തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവർക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുൽഷി താലൂക്കിൽ 25 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ച കേസിൽ പൂജയുടെ പിതാവും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കർ നേരത്തെ പ്രതിയായിരുന്നു.

അതിനിടെ, പൂജയുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ പുറത്തുവരികയാണ്. മോഷക്കേസിലെ പ്രതിയെ മോചിപ്പിക്കാൻ ഡി.സി.പി റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മർദ്ദത്തിലാക്കി എന്ന് നവിമുംബയ് പൊലീസ് മഹാരാഷ്ട്ര സർക്കാരിന് റിപ്പോർട്ട് നൽകി. മേയ് 18ന് പൻവേൽ പൊലീസ് എടുത്ത കേസിലായിരുന്നു ഇടപെടൽ. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിവേക് പൻസാരെയെ ഫോണിൽ വിളിച്ച് പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് സമ്മർദ്ദത്തിന് വഴങ്ങിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പൂജ 21 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പല തവണകളായി 27,000 രൂപ ട്രാഫിക് പൊലീസ് ഇവർക്ക് പിഴയിട്ടിട്ടുണ്ട്. കൂടാതെ വ്യാജ ജാതി,​ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കാണിച്ചാണ് പൂജ സിവിൽ സർവീസ് പരീക്ഷ എഴുതിയതെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. പല തവണ മെഡിക്കൽ പരിശോധനയ്ക്ക് വിളിപ്പിച്ചെങ്കിലും ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു.

സ്വകാര്യ ആഡംബര കാറിൽ സർക്കാരിന്റെ ബോർഡ്,​ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിക്കൽ,​ അഡിഷണൽ കളക്ടറുടെ ചേംബർ കൈയേറുക തുടങ്ങിയ ആരോപണങ്ങളാണ് പൂജക്കെതിരെ ആദ്യം ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൂനെ അസിസ്റ്റന്റ് കളക്ടറായ പൂജയെ വാഷിം ജില്ലയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. പ്രത്യേക കാബിനും സ്റ്റാഫും വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്ര കേഡറിലെ 2023 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ പൂജയുടെ യോഗ്യതകൾ സംബന്ധിച്ച് അന്വേഷിക്കാൻ കേന്ദ്രം വ്യാഴാഴ്ച ഏകാംഗ സമിതിയോട് നിർദ്ദേശിച്ചിരുന്നു.