pic

കാഠ്മണ്ഡു : സി.പി.എൻ - യു.എം.എൽ നേതാവ് കെ.പി. ശർമ്മ ഒലി ഇന്ന് നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കും. മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസുമായി സഖ്യം ചേർന്നാണ് ഒലി അധികാരത്തിലെത്തുന്നത്.

275 അംഗ പാർലമെന്റിൽ 138 എംപിമാരുടെ പിന്തുണ ഭരണകക്ഷിക്ക് വേണം. നിലവിൽ ഇരുപാട്ടികൾക്കുമായി 165 എം.പിമാരുണ്ട്. ഒലിയും, ദ്യൂബയും 18 മാസം വീതം പ്രധാനമന്ത്രി പദം പങ്കിടും. 2015 മുതൽ 2021 വരെ രണ്ട് തവണ പ്രധാനമന്ത്രിയായിട്ടുള്ള ഒലി ചൈനീസ് അനുഭാവിയും ഇന്ത്യാ വിരുദ്ധ നിലപാടുകാരനുമാണ്.

അവിശ്വാസ വോട്ടിൽ പരാജയപ്പെട്ട പുഷ്പ കമൽ ദഹാൽ പ്രചണ്ഡ വെള്ളിയാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സഖ്യകക്ഷിയായ ഒലിയുടെ പാർട്ടി പിന്തുണ പിൻവലിച്ചതോടെയാണ് സി.പി.എൻ - മാവോയിസ്റ്റ് സെന്റർ നേതാവായ പ്രചണ്ഡയുടെ സർക്കാർ തകർന്നത്.