തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെയും കേരളത്തിന്റേയും മുഖച്ഛായ തന്നെ മാറ്റന്‍ കെല്‍പ്പുള്ള പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ഒന്നാം ഘട്ടം ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്ണിന്റെ ഭാഗമായിട്ടാണ് സാന്‍ ഫെര്‍ണാണ്ടോയെന്ന ഭീമന്‍ മദര്‍ഷിപ്പ് വിഴിഞ്ഞം തീരംതൊട്ടത്. 350 മീറ്റര്‍ നീളമുള്ള ഭീമന്‍ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. 800 മീറ്റര്‍ ബെര്‍ത്തും, 3000 മീറ്റര്‍ ബ്രേക്ക് വാട്ടറുമായി ഒരേ സമയം രണ്ട് മദര്‍ കണ്ടെയ്നര്‍ ഷിപ്പുകള്‍ക്ക് എത്താന്‍ കഴിയുന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം.
ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ വിഴിഞ്ഞം തുറമുഖത്തിന് വരുമാനം കിട്ടിത്തുടങ്ങുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. കമ്മീഷനിങ് കഴിഞ്ഞ ഒരു തുറമുഖം പോലെ തന്നെയാണ് ട്രയല് റണില്‍ തുറമുഖം പ്രവര്‍ത്തിക്കുക. തുറമുഖത്തിന് കപ്പല്‍ പ്രവേശന ഫീസ് നല്‍കണം. ഇറക്കുന്ന ചരക്കുകള്‍ക്ക് കസ്റ്റംസ് നികുതിയും നല്‍കണം. ട്രയല്‍ റണ്‍ കാലത്ത് തന്നെ തുറമുഖത്തിന് വരുമാനം കിട്ടി തുടങ്ങും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതി വരുമാനവും. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്ത് എത്തും.
ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരേ സമയം വിഴിഞ്ഞം തുറമുഖത്ത് രണ്ട് മദര്‍ ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയും. വര്‍ഷം പത്ത് ലക്ഷം ടി.ഇ.യു കണ്ടെയ്നറുകള്‍ ഒന്നാം ഘട്ടത്തില്‍ തുറമുഖത്തിന് കൈകാര്യം ചെയ്യാനാകും. രണ്ടും മൂന്നും നാലും ഘട്ടം പൂര്‍ത്തിയാകുന്നതോടെ ബെര്‍ത്തിന്റെ നീളം രണ്ടായിരം മീറ്റര്‍ ആയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന കണ്ടെയ്നറുകളുടെ എണ്ണം വര്‍ഷം 30 ലക്ഷമായും വര്‍ദ്ധിക്കും. 2028ല്‍ അവസാന ഘട്ട നിര്‍മാണവും പൂര്‍ത്തിയാകുമ്പോള്‍ ഒരേ സമയം അഞ്ച് മദര്‍ ഷിപ്പുകളെ വരെ ഉള്‍ക്കൊള്ളാന്‍ തുറമുഖത്തിന് ശേഷിയുണ്ടാകും.
അതേസമയം, ഇപ്പോള്‍ വിഴിഞ്ഞത്ത് എത്തിയ സാന്‍ ഫെര്‍ണാണ്ടോയേക്കാള്‍ വലിയ കപ്പലുകളുടെ ഒഴുക്ക് വിഴിഞ്ഞത്തേക്കുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സാന്‍ ഫെര്‍ണാണ്ടോയുടെ നീളം 350 മീറ്റര്‍ ആണ്. എന്നാല്‍ അടുത്തയാഴ്ച എത്താന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും വലിയ മദര്‍ ഷിപ്പുകളില്‍ ഒന്നാണ്. 400 മീറ്ററാണ് കപ്പലിന്റെ നീളം.സാന്‍ ഫെര്‍ണാണ്ടോയുടെ ശേഷി 1950 കണ്ടെയ്നറുകളാണെങ്കില്‍ അടുത്തതായി വരാന്‍ പോകുന്നത് 3000 കണ്ടെയ്നര്‍ ശേഷിയുള്ള കപ്പലാണ്.