pic

വാഷിംഗ്ടൺ: സിനിമാ ഷൂട്ടിംഗിനിടെ ഛായാഗ്രാഹക ഹലീന ഹച്ചിൻസ് (42) കൊല്ലപ്പെട്ട കേസിൽ ഹോളിവുഡ് താരം അലക് ബാൾഡ്‌വിൻ (66) കു​റ്റവിമുക്തൻ. 2021 ഒക്ടോബറിൽ റസ്​റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ റിഹേഴ്സലിനിടെ നായകനായ ബാൾഡ്‌വിൻ ഉപയോഗിച്ച റിവോൾവർ അബദ്ധത്തിൽ പൊട്ടുകയും ഹലീന വെടിയേറ്റ് വീഴുകയുമായിരുന്നു.

സംവിധായകൻ ജോയൽ സൂസയ്ക്ക് പരിക്കേറ്റു. തോക്ക് ഡമ്മിയാണെന്നാണ് ബാൾഡ്‌വിൻ കരുതിയത്. തോക്കിൽ ബുള്ളറ്റ് ഉണ്ടായിരുന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്ന് ബാൾഡ്‌വിൻ പറഞ്ഞിരുന്നു.

ബാൾഡ്‌വിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ബാൾഡ്‌വിൻ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടാണ് ബാൾഡ്‌വിൻ വിധി കേട്ടത്. കുടുംബത്തോടൊപ്പം ന്യൂമെക്സിക്കോയിലെ കോടതിയിൽ നിന്ന് മടങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.

തന്നെ പിന്തുണച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ചു. അതേ സമയം, തോക്ക് അടക്കം ഷൂട്ടിംഗിനായി ആയുധങ്ങൾ സജ്ജമാക്കിയ ഹന്ന ഗുട്ടറെസ് - റീഡ് മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റത്തിന് ജയിലിലാണ്.

 അന്ന് ബ്രണ്ടൻ ലീ...

ഷൂട്ടിംഗിനിടെ തോക്ക് പൊട്ടിയുള്ള മരണം ഇതിന് മുമ്പും ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു. മാർഷൽ ആർട്‌സ് ആക്ഷനുകളിലൂടെ വിസ്മയിപ്പിച്ച നടൻ ബ്രൂസ് ലീയുടെ മകൻ ബ്രണ്ടൻ ലീ 1993 മാർച്ച് 31ന് ഷൂട്ടിംഗിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മരിച്ചത്. ആക്ഷൻ ഫാന്റസി ചിത്രമായ ' ദ ക്രോയുടെ " സെറ്റിൽ വച്ച് വെടിയേറ്റ് വീഴുമ്പോൾ ബ്രണ്ടന് വെറും 28 വയസായിരുന്നു.

ക്രോയുടെ അവസാന സീനുകളിൽ ഒന്നിന്റെ ചിത്രീകരണത്തിനിടെയാണ് ബ്രണ്ടന് വെടിയേറ്റത്. ബ്രണ്ടൻ വെടിയേറ്റ് വീഴുന്ന രംഗം ഷൂട്ട് ചെയ്യാൻ റബ്ബർ ബുള്ളറ്റോട് കൂടിയ ഒരു ഡമ്മി തോക്ക് തയാറാക്കിയിരുന്നു. വില്ലൻ വെടിവച്ചപ്പോൾ ബ്രണ്ടൻ നിലത്ത് വീണു. ഡയറക്ടർ കട്ട് പറഞ്ഞിട്ടും ബ്രണ്ടൻ ചലനമറ്റ് കിടന്നു. ബ്രണ്ടന് ശരിക്കും വെടിയേറ്റെന്നും യഥാർത്ഥ തോക്ക് എങ്ങനെയോ ഡമ്മിയ്ക്കിടയിൽ കയറിക്കൂടിയെന്നും അപ്പോഴാണ് മനസിലായത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ബ്രണ്ടൻ മരിച്ചു. സംഭവത്തിൽ അന്വേഷണം നടന്നെങ്കിലും പ്രൊഡക്ഷൻ കമ്പനിക്കെതിരെ കുറ്റംചുമത്തിയില്ല. അശ്രദ്ധ വരുത്തിവച്ച യാദൃശ്ചികമായ അപകടമായി ബ്രണ്ടന്റെ മരണത്തെ വിധിയെഴുതി. എന്നാലിത് കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.