income

കൊല്ലം: ഏഴാം ക്ളാസി​ൽ പഠി​ക്കവേ, അഞ്ചുരൂപയ്ക്ക് വാങ്ങിയ അലങ്കാരമത്സ്യം ഏഴ് രൂപയ്ക്ക് വിറ്റ് 'ബിസിനസ് ' തുടങ്ങിയ മുഹമ്മദ് ബി​ൻ ഫറൂഖി​ന്റെ ഇപ്പോഴത്തെ മാസവരുമാനം 2 ലക്ഷം രൂപ!.പഠനത്തിലും മീൻവിട്ടൊരു കളിയില്ല. ഫിഷറീസ് സയൻസിൽ ഗവേഷക വിദ്യാർത്ഥിയാണ് ഓച്ചിറ വരവിള എച്ച്.എ.മൻസിലിൽ മുഹമ്മദ് ബിൻ ഫറൂഖ് (28).

കുഞ്ഞായിരുന്നപ്പോൾ, അമ്മ സലീന കളിപ്പാട്ടങ്ങൾക്കൊപ്പം അലങ്കാര മത്സ്യങ്ങളും വാങ്ങി നൽകിയിരുന്നു. വളരുന്തോറും മത്സ്യങ്ങളോടുള്ള ഇഷ്ടം കൂടിവന്നു. കടയിൽ നിന്നും തോട്ടിൽ നിന്നുമെല്ലാം മത്സ്യങ്ങൾ കൊണ്ടുവന്ന് വളർത്താൻ തുടങ്ങി.

എട്ടാം ക്ലാസിലെത്തിയപ്പോൾ മത്സ്യങ്ങളുടെ ബ്രീഡിംഗ് ആരംഭിച്ചു. അങ്ങനെ പഠനത്തോടൊപ്പം ബിസിനസും വിപുലീകരിച്ചു.

2018ൽ വീടിനോടു ചേർന്ന് 7,500 ചതുരശ്ര അടിയിൽ ഹാച്ചറി തുടങ്ങി. രണ്ടുവർഷം മുൻപ് 12,000 ചതുരശ്ര അടിയിൽ മറ്റൊരു ഹാച്ചറിയും ആരംഭിച്ചു.

ജാപ്പനീസ് കോയ്, എയ്ഞ്ചൽസ്, ഗോൾഡ് ഫിഷ്, ജിയോഫഗസ്, ടീട്ര, ഉവാറു തുടങ്ങി അപൂ‌ർവ ഇനങ്ങളടക്കം 43 വ്യത്യസ്തങ്ങളായ വർണ മത്സ്യങ്ങളാണ് മുഹമ്മദിന്റെ ഹാച്ചറിയിലുള്ളത്. ജപ്പാൻ, ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പ്രജനനത്തിനുള്ള ഇനങ്ങളെ കൊണ്ടുവരുന്നത്.

income

ഒരുലക്ഷത്തിനടുത്താണ് മുഹമ്മദ് ഫറൂഖിന് ഒരുമാസം ചെലവ് വരുന്നത്. ഗവേഷണ തിരക്കുകൾക്കിടയിലും മത്സ്യക്കൃഷിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും മുഹമ്മദ് തയ്യാറല്ല. വീട്ടിലില്ലാത്തപ്പോൾ അമ്മയ്ക്കാണ് മേൽനോട്ടച്ചുമതല. ഹാച്ചറിയോടു ചേർന്ന് ലാബ് ഉൾപ്പെടെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

കുസാറ്റിൽ നിന്ന് ഇൻഡസ്ട്രീയൽ ഫിഷറീസിൽ എം.എസ്‌സി പൂർത്തിയാക്കിയ മുഹമ്മദ് അലങ്കാര മത്സ്യക്കൃഷിയിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കി. ഗ്രോബെസ്റ്റ് അക്വാകൾച്ചർ ആൻഡ് ഹാച്ചറീസിന്റെ ഡയറക്ടറാണ്. പിതാവ്: ഫറൂഖ്. ഭാര്യ: ഡോ. ജെഫ്രീന.

അംഗീകാരങ്ങളേറെ

ഇത്തവണത്തെ മികച്ച അലങ്കാര മത്സ്യ കർഷകനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവാർഡാണ് ഏറ്റവും ഒടുവിൽ ലഭിച്ചത്. മികച്ച ഫിഷറീസ് സ്റ്റാർട്ടപ്പിനായി കുഫോസ് ഏർപ്പെടുത്തിയ 2023 ലെ അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് അക്വാകൾച്ചർ ഫാമിംഗ്. ലാഭവും നഷ്ടവും ഒരുപോലെ ഉണ്ടാകും. ബിസിനസ് എന്നതിലുപരി ഇഷ്ടമാണ് എന്നെ ഈ മേഖലയിലേക്ക് എത്തിച്ചത്. കുടുംബത്തിന്റെ പിന്തുണയും വളരെ വലുതാണ്

മുഹമ്മദ് ബിൻ ഫറൂഖ്