തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കഴിഞ്ഞ ദിവസം കാണാതായ തൊഴിലാളിക്കായുളള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും അടങ്ങുന്ന നൂറോളം ദൗത്യ സംഘമാണ് കാണാതായ ജോയിയുടെ ജീവനുവേണ്ടി തിരച്ചിൽ നടത്തുന്നത്. ശക്തമായ മഴയെ തുടർന്നുണ്ടായ വെളളപ്പാച്ചിൽ കാരണമാണ് ജോയിയെ കാണാതായത്.
അതേസമയം, ജോയിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് മാതാവായ മേരി. കെട്ടിട നിർമ്മാണ തൊഴിലാളിയായ ജോയി പണിയില്ലാത്തതിനാലാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം കോരാൻ പോയത്. രാത്രി വീട്ടിൽ തിരിച്ചെത്തുമെന്ന് മാതാവിനോട് പറഞ്ഞിട്ടാണ് പോയത്. ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്ന ജോലിയും ചെയ്‌തിരുന്നു. ഇങ്ങനെ കിട്ടുന്ന തുക മേരിയെ ഏല്പിക്കുമായിരുന്നു.
മകനെ കാണാതായ വിവരം ടെലിവിഷൻ ചാനലുകളിൽ നിന്ന് അറിഞ്ഞതോടെ മേരിയുടെ മുഖം മ്ളാനമായി. എങ്കിലും അവർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഉള്ളുരുകി ദൈവങ്ങളെ വിളിച്ച് കാത്തിരിക്കുകയാണവർ. മേരിയുടെ ഭർത്താവ് നേശമണി പത്ത് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. ജോയ് അവിവാഹിതനാണ്. സ്വന്തമായി വീടില്ല. ഉണ്ടായിരുന്ന വീട് സഹോദരിമാരിലൊരാളായ ജോളിക്ക് എഴുതി നൽകി. ജോളി മഠത്തിലാണ് താമസിക്കുന്നത്.
വാർദ്ധക്യസഹജമായ അസുഖങ്ങളും മേരിയെ അലട്ടുന്നുണ്ട്. എല്ലാവരോടും ചിരിച്ചു കൊണ്ടാണ് ജോയി സംസാരിക്കാറുള്ളത്. ദിവസവും ജോലി കഴിഞ്ഞുവന്ന ശേഷം മാരായമുട്ടം ജംഗ്ഷനിൽ സുഹൃത്തുക്കളുമായി ഏറെനേരം സംസാരിച്ചിരിക്കും. ഒരാഴ്ച മുൻപാണ് ജോയിയുടെ മൂത്ത സഹോദരൻ കോശിയുടെ ഭാര്യ ജയ്സി മരിച്ചത്. അതിനിടെയാണ് കുടുംബത്തിൽ മറ്റൊരു ദുരന്തവാർത്തയെത്തിയത്.
മേരിയുടെ വാക്കുകൾ
ജോയിയാണ് ഏക ആശ്രയം. രാവിലെ ആറ് മണിക്കാണ് അവൻ ജോലിക്ക് പോകാറുളളത്. അഞ്ച് മണിയാകുമ്പോൾ തിരിച്ചുവരേണ്ടതാണ്. എന്ത് ജോലിക്ക് വിളിച്ചാലും പോകും. വിശ്രമമില്ലാതെ ജോലി ചെയ്യും. ഒരു ജോലിയുമില്ലെങ്കിൽ ആക്രി പെറുക്കാൻ പോകും. ഒരിക്കലും വെറുതെ ഇരിക്കില്ല. എത്ര വയ്യെങ്കിലും അവൻ ജോലിക്ക് പോകും.