investment

വാർദ്ധക്യ കാലത്തും സാമ്പത്തികമായി സ്വതന്ത്രരായി ജീവിക്കാൻ സാധിച്ചാലോ?. അതിനായി ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തുകയാണെങ്കിൽ എന്ത് നല്ലതായിരിക്കുമല്ലേ. ഇത്തരത്തിൽ ജീവിതം സുരക്ഷിതമാക്കാൻ സർക്കാർ പിന്തുണയുളള ഒരു പദ്ധതി പരിചയപ്പെട്ടാലോ?. 'സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം' എന്നാണ് പദ്ധതിയുടെ പേര്.

സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്കും പ്രതിരോധ വകുപ്പുകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കുമാണ് അവസരം.നിങ്ങളുടെ നിക്ഷേപങ്ങൾക്ക് മൂന്ന് മാസത്തിലൊരിക്കൽ 8.2 ശതമാനം നിരക്കിൽ പലിശയും ലഭിക്കും. അതായത് ഏപ്രിൽ, ജൂലായ്, ഒക്ടോബർ, ജനുവരി എന്നീ മാസങ്ങളിൽ നിശ്ചിത തുക അക്കൗണ്ടിലെത്തും.

ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. മുൻപ് നിക്ഷേപ പരിധി 15 ലക്ഷം രൂപയായിരുന്നു. ഒരു നിക്ഷേപകന് വ്യക്തിഗതമായും, ദമ്പതികൾക്ക് പങ്കാളിയുമായും പദ്ധതിയിൽ ചേരാം. അഞ്ച് വർഷമാണ് പദ്ധതി കാലാവധി.

പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80-ഇ പ്രകാരം നികുതി ഇളവ് ലഭിക്കും.ഒരു സാമ്പത്തിക വർഷത്തിൽ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽനിന്നുള്ള മൊത്തം പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ പലിശയ്ക്ക് നികുതി ബാധകമാണ്. അതായത് സ്രോതസ്സിൽ നിന്നുള്ള നികുതി ഈടാക്കുമെന്ന് ചുരുക്കം.അക്കൗണ്ട് തുറന്നതിന് ശേഷം കാലാവധിക്ക് മുൻപ് ഏത് സമയത്തും ക്ലോസ് ചെയ്യാം.അത്യാവശ്യഘട്ടത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പണം പിൻവലിക്കാവുന്നതുമാണ്.

ഈ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപമാണ് നിങ്ങൾ നടത്തുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ട് 7,05,000 സമ്പാദിക്കാം. പത്ത് ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ട് 14,10,000 ലക്ഷം രൂപയും സ്വന്തമാക്കാം.