vande-bharath-

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകളുടെ വരവോടെ സാധാരണക്കാരെ മറന്നെന്ന പരാതി പരിഹരിക്കാനൊരുങ്ങി റെയിൽവേ. ഈ വർഷം മുതൽ നോൺ എ.സി കോച്ചുകളുടെ നിർമ്മാണം മൂന്നിരട്ടി വർദ്ധിപ്പിക്കും. ഇതിനായി ചെന്നൈയിലെയും റായ്ബറേലിയിലെയും കോച്ച് ഫാക്ടറികൾക്ക് ഓർഡർ നൽകി. അനുബന്ധ സൗകര്യങ്ങൾക്ക് ടിറ്റഗഡ് റെയിൽവേ സിസ്റ്റംസ്,ബി.ഇ.എം.എൽ എന്നിവയ്ക്കും ഓർഡർ കൊടുത്തു.

പുതിയ ട്രെയിനുകൾക്കും നിലവിലെ ട്രയിനുകളിൽ അധികമായി കൂട്ടിച്ചേർക്കാനും ഈ കോച്ചുകൾ ഉപയോഗിക്കും. തിരക്ക് കണക്കിലെടുത്താണ് പുതിയ കോച്ചുകൾ കൂട്ടിച്ചേർക്കുക. പുതുതായി നിർമ്മിക്കുന്ന കോച്ചുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളും ദീർഘദൂര യാത്രയ്ക്കുള്ള സ്ലീപ്പർ ക്ലാസ് കോച്ചുകളും പാൻട്രികാറുകളും ഉൾപ്പെടും. ഈ വർഷം നിർമ്മിക്കുന്ന 4,​485 കോച്ചുകളിൽ 2,​605ഉം ജനറൽ കോച്ചുകളാണ്. 1,470 സ്ലീപ്പർ കോച്ചുകളും ബാക്കി എസ്.എൽ.ആർ,പാഴ്സൽ,പാൻട്രി കോച്ചുകളുമായിരിക്കും. അമൃത് ഭാരത് കോച്ചുകളും ഇതിൽ ഉൾപ്പെടും. അടുത്തവർഷം 2,​710 ജനറൽ കോച്ചുകളും 1,910 സ്ലീപ്പർ കോച്ചുകളും നിർമ്മിക്കും.

ഉയർന്ന ടിക്കറ്റ് നിരക്കുള്ള വന്ദേഭാരത് എക്സ്പ്രസുകൾ തുടരെ പുറത്തിറക്കുമ്പോൾ സാധാരണ യാത്രക്കാരെ പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. തുടർന്ന് ജനസാധാരൺ എക്സ്പ്രസുകൾ പുറത്തിറക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ,വന്ദേഭാരതിന്റെ അതേവേഗത്തിൽ ജനസാധാരൺ അഥവാ അമൃത് ഭാരത് എക്സ്പ്രസുകൾ പുറത്തിറക്കാൻ സാധിച്ചില്ല. എണ്ണത്തിലും ഇവ വളരെ കുറവായിരുന്നു. തുടർന്നാണ് അടുത്ത രണ്ടുവർഷത്തിനുള്ളിൽ കൂടുതൽ കോച്ചുകൾ കൊണ്ടുവരാൻ റെയിൽവേ തീരുമാനിച്ചത്.

നിലവിൽ 55,​600 ജനറൽ കോച്ചുകളാണുള്ളത്. പ്രതിവർഷം 1800ൽ താഴെ നോൺ എസി.കോച്ചുകൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. അതുതന്നെ പഴയ കോച്ചുകൾ മാറ്റുന്നതിനാണ് ഉപയോഗിച്ചിരുന്നത്.

വീർപ്പുമുട്ടിക്കുന്ന തിരക്ക്

കോച്ചുകളുടെ അപര്യാപ്തതമൂലം കേരളത്തിൽ ട്രെയിനുകളിൽ വൻതിരക്കാണ്. ഏറെ നാളത്തെ പരാതികൾക്കൊടുവിലാണ് സംസ്ഥാനത്തെ നാല് ട്രെയിനുകളിൽ ഓരോ കോച്ചുകൾ അധികം ഉൾപ്പെടുത്തിയത്. പല പകൽ ട്രെയിനുകളിലും ശ്വാസംമുട്ടുന്ന തരത്തിലെ തിരക്കുസഹിച്ചാണ് ജനം യാത്ര ചെയ്യുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ പുതിയ നീക്കം സഹായകരമാകും.


നിലവിലെ ജന. കോച്ചുകൾ- 55,​600

പുതുതായി നിർമ്മിക്കുന്നത് 2024- 4,​485 കോച്ച്

ജനറൽ- 2605

സ്ലീപ്പർ- 1470

(ബാക്കി​ എസ്.എൽ.ആർ, പാഴ്സൽ, പാൻട്രി)​


2025- 5,​485 കോച്ച്

ജനറൽ- 2,​710

സ്ലീപ്പർ- 1,​910


നിർമ്മാണ ചെലവ്
നോൺ എ.സി- ₹ 72.16 ലക്ഷം

സ്ളീപ്പർ-₹ 79.31ലക്ഷം

എ.സി- ₹1.5 കോടി

വന്ദേഭാരത്- ₹ 2.37കോടി