മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് പുട്ടും പഴവും. പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ തന്നെ എല്ലാവരും വീട്ടിൽ പഴം വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ പഴുത്ത പഴത്തിന്റെ തൊലി ദിവസങ്ങൾക്കുള്ളിൽ കറുക്കുകയും പഴം വേഗം ചീത്തയാകുകയും ചെയ്യുന്നതാണ് നേരിടുന്ന പ്രശ്നം. തൊലി കറുത്തുപോയാൽ പിന്നെ പഴം കഴിക്കാൻ തോന്നാറില്ല. അത് എടുത്ത് കളയാറാണ് പതിവ്.
പഴത്തിനുള്ളിൽ ഉയർന്ന അളവിൽ എഥിലീൻ അടങ്ങിയിട്ടുണ്ട്. ഇത് പഴത്തിലെ മഞ്ഞനിറത്തെ ബ്രൗൺ നിറമാക്കുന്നു. എന്നാൽ പഴം 15 ദിവസത്തോളം കറുക്കാതെ സൂക്ഷിക്കാൻ പറ്റും. അത് എങ്ങനെയെന്ന് നോക്കിയാലോ?
പഴത്തിന്റെ തൊലി വേഗത്തിൽ കറുത്തുപോകുന്നത് തടയാൻ അതിന്റെ ഞെട്ട് പ്ലാസ്റ്റിക്കോ അലൂമിനിയം ഫോയിലേ ഉപയോഗിച്ച് പൊതിഞ്ഞുവയ്ക്കാവുന്നതാണ്. എഥിലീൻ വാതകം എളുപ്പത്തിൽ മറ്റ് പഴങ്ങളിലേക്ക് പരക്കാതിരിക്കാൻ ഇത് സഹായിക്കും.
നല്ലപോലെ പഴുത്ത പഴങ്ങൾ വായുകടക്കാത്ത പാത്രത്തിനുള്ളിലാക്കി ഫ്രീസറിനുള്ളിൽ സൂക്ഷിക്കാം. ഫ്രീസിംഗിലൂടെ പഴം കൂടുതൽ പഴുത്തുപോകുന്നത് തടയാം. ഇത് പിന്നീട് സ്‌മൂത്തീസ് ഉണ്ടാക്കുന്നതിനോ മറ്റോ ഉപയോഗിക്കാവുന്നതാണ്. പഴം നനവ് ഇല്ലാത്ത സ്ഥലത്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
പഴങ്ങളെ ഒരുമിച്ച് വയ്ക്കരുത്. ഓരോ പഴവും പടലയിൽ നിന്ന് വേർതിരിച്ച് മാറ്റി സൂക്ഷിക്കുക. ഇതും പഴം പെട്ടെന്ന് കറുത്ത് പോകുന്നത് തടയുന്നു. ഒരു പഴം നല്ലപോലെ പഴുത്തതാണെങ്കിൽ അതിനോട് ഒപ്പമുള്ള പഴങ്ങളും പെട്ടെന്ന് പഴുത്ത് പോകും. ഇത് തടയാനാണ് മാറ്റി വയ്ക്കുന്നത്.