നിർണായക നിമിഷങ്ങളിൽ അർജന്റീനയുടെ കാവൽ മാലാഖയായിരുന്ന എയ്ഞ്ചൽ ഡി മരിയ ഏറെ പ്രിയപ്പെട്ട നീലയും വെള്ളയും നിറങ്ങൾ ഇടകലർന്ന ആ ജേഴ്സി അഴിക്കുകയാണ്. കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനൽ അർജന്റീന ജേഴ്സിയിൽ തന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു മുപ്പത്തിയാറുകാരനായ ഡി മരിയ. ഇതിഹാസമായ മെസി അർജന്റീനയ്ക്കായി ഉയർത്തിയ കിരീടങ്ങളിലെല്ലാം മരിയയുടെ കാലൊപ്പുണ്ടായിരുന്നു. അത് കൊണ്ടാണ് കോപ്പാ സെമിയിൽ കാനഡയെ നേരിടാനിറങ്ങുമ്പോൾ ഈ കപ്പ് നമുക്ക് മരിയയ്ക്ക് വേണ്ടി നേടണമെന്ന് സഹതാരങ്ങളോട് സാക്ഷാൽ ലയണൽ മെസി തന്നെ പ്രഖ്യാപിച്ചത്. ഞാൻ ചോദിച്ചതിലും അധികം ജീവിതം എനിക്ക് നൽകിയെന്നാണ് കഴിഞ്ഞദിവസം മെസിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഡിമരിയ സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചത്. 16 വർഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിൽ അർജന്റീനയ്ക്കായി 145 മത്സരങ്ങളിൽ ഡിമരിയ കളത്തിലിറങ്ങി. 2008ലെ ഒളിമ്പിക്സിൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന സ്വർണം നേടിയപ്പോൾ ഫൈനലിൽ ടീമിന്റെ ജയമുറപ്പിച്ചത് ഡി മരിയയുടെ ഗോളാണ്. 2021ലെ കോപ്പ ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയുടെ ജയവും കിരീടവുമുറപ്പിച്ചത് ഡി മരിയയുടെ ഗോളായിരുന്നു. തുടർന്ന് 2022ൽ ഫിഫ ഫൈനലിസീമയിൽ ഇറ്റലിയെ 3-0ത്തിന് അർജന്റീന കീഴടക്കിയപ്പോഴും ഡി മരിയ വലകുലുക്കി.
2022 ലോകകപ്പ് ഫൈനലിൽ ഒരു ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ഡി മിരയ നിർണായക സാന്നിധ്യമായി. കപ്പുമായി മാലായഖയെ യാത്രയാക്കാനാണ് അർജന്റീന ഇന്ന് കൊളംബിയക്കെതിരെ ഇറങ്ങുന്നത്.