city

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ അപകടത്തില്‍പ്പെട്ട് കാണാതായ തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുരളി തുമ്മാരുകുടി. മാലിന്യത്തില്‍ മുങ്ങിത്താഴുന്ന കേരളം എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്. നമ്മുടെ കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ മാലിന്യം ഒരു വലിയ പ്രശ്‌നമാണ്. എന്നാല്‍ മഹാനഗരങ്ങള്‍ ഇല്ലാത്ത കേരളം നേരിടുന്നത് ഒരു കോടി ജനസംഖ്യയുള്ള പട്ടണങ്ങളില്‍ പോലുമില്ലാത്ത പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പല കാരണങ്ങളുണ്ട്. നഗരജീവിതത്തിന്റെയും നമ്മുടെ ഉപഭോഗത്തിന്റെയും യഥാര്‍ത്ഥ ചിലവ് വഹിക്കാന്‍ നാം തയ്യാറല്ല എന്നതാണ് അടിസ്ഥാന കാരണം. പകുതി ചിലവ് പ്രകൃതിയിലേക്ക് മാറ്റുകയാണ്. പ്രകൃതിക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ പരിധി കഴിയുമ്പോള്‍ അത് വായുമലിനീകരണമായി, പനിയായി, കൊതുകായി, പട്ടിയായി നമ്മെ തിരിഞ്ഞുകൊത്തുന്നു- അദ്ദേഹം കുറിച്ചു.

മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

മാലിന്യത്തില്‍ മുങ്ങിത്താഴുന്ന കേരളം
നഗരങ്ങളിലെ ഖരമാലിന്യ സംസ്‌കരണം പത്തൊന്പതാം നൂറ്റാണ്ടില്‍ തന്നെ ലോകത്ത് വലിയൊരു വെല്ലുവിളിയായതാണ്. ഇരുപതാം നൂറ്റാണ്ടില്‍ എന്‍ജിനീയര്‍മാര്‍ ഈ വിഷയത്തിന് അനവധി സാങ്കേതിക പരിഹാരങ്ങള്‍ കണ്ടുപിടിച്ചു. ഒരു കോടിയിലധികം ആളുകള്‍ പാര്‍ക്കുന്ന അനവധി നഗരങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അവയില്‍ പലതിലും ആധുനിക ഖരദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളില്‍ നഗര ജീവിതത്തെ മാലിന്യങ്ങള്‍ നരകമാക്കുന്നില്ല.

കേരളത്തിലെ നഗരങ്ങള്‍ പൊതുവെ വന്‍ നഗരങ്ങളല്ല. പത്തുലക്ഷത്തില്‍ താഴെയാണ് മിക്കവാറും നഗരങ്ങളില്‍ ജനസംഖ്യ. എന്നിട്ടും ആധുനിക മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ നമുക്കില്ല. വലുതും ചെറുതുമായ നഗരങ്ങള്‍ എല്ലാം മാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നു. നഗരത്തിലെ ജലപാതകള്‍ ശുദ്ധജലം ഒഴുകുന്ന ധമനികള്‍ എന്നതിനപ്പുറം മാലിന്യം ഒഴുകുന്ന ഓടകള്‍ ആകുന്നു. അതിലേക്ക് വീണ്ടും വീണ്ടും ഖരമാലിന്യം വലിച്ചെറിയപ്പെടുന്നു. ഒരു മനുഷ്യന്‍ അതില്‍ വീണാല്‍പോലും വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുന്ന തരത്തിലേക്ക് അത് മാറുന്നു.

ഇതിന് പല കാരണങ്ങളുണ്ട്. നഗരജീവിതത്തിന്റെയും നമ്മുടെ ഉപഭോഗത്തിന്റെയും യഥാര്‍ത്ഥ ചിലവ് വഹിക്കാന്‍ നാം തയ്യാറല്ല എന്നതാണ് അടിസ്ഥാന കാരണം. പകുതി ചിലവ് പ്രകൃതിയിലേക്ക് മാറ്റുകയാണ്. പ്രകൃതിക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ പരിധി കഴിയുന്‌പോള്‍ അത് വായുമലിനീകരണമായി, പനിയായി, കൊതുകായി, പട്ടിയായി നമ്മെ തിരിഞ്ഞുകൊത്തുന്നു. നമ്മുടെ ജീവിതരീതിയുടെ യഥാര്‍ത്ഥചിലവ് വഹിക്കാന്‍ നാം തയ്യാറാവുകയും ആധുനികമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുകയും ആണ് പ്രതിവിധി.
നമ്മുടെ മാലിന്യത്തില്‍ മുങ്ങിത്താഴ്ന്ന നമ്മുടെ സഹോദരനെ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ...

മുരളി തുമ്മാരുകുടി