ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25ാംവാർഷികത്തിന്റെ ഭാഗമായി വീരജവാന്മാർക്ക് ആദരമർപ്പിച്ച് പ്രതിരോധ മന്ത്രാലയം.
വാർഷികത്തിന് മുന്നോടിയായി ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വ്യോമസേനയുടെ എയർഷോ സംഘടിപ്പിച്ചു. സർസാവ എയർഫോഴ്സ് സ്‌റ്റേഷനിലാണ്സംഘടിപ്പിച്ചത്. സേനാംഗങ്ങളടെ ധീരതയും വൈദഗ്ദ്ധ്യവും വിളിച്ചോതുന്നതായിരുന്നു എയർഷോയിലെ പ്രകടനം.സ്‌കൈ ഡൈവിംഗ് ടീമിനെയും സൈനിക സംഘത്തെയും വിന്യസിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഷോയുടെ ഭാഗമായി ആവിഷ്‌കരിച്ചു. റാഫേൽ, ജാഗ്വാർ, എ.എൻ 32 വിമാനങ്ങളുടെ പ്രത്യേക ഫോർമേഷനുകളും കൗതുകമായി. കാർഗിൽ ഹീറോസിന് ആദരവ് അർപ്പിച്ച് എംഐ 17 വിമാനങ്ങൾ തീർത്ത മിസിംഗ് മാൻ ഫോർമേഷനും കാണികളെ പിടിച്ചിരുത്തുന്ന കാഴ്ചയായി.വ്യോമസേനാ ബാൻഡിന്റെയും സൈനിക ബാൻഡിന്റെയും സംഗീത പരിപാടിയോടെയാണ് എയർഷോ അവസാനിച്ചത്. ജൂലായ് 26 നാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്.