സംസ്ഥാനത്ത് സ്വര്‍ണ വില കഴിഞ്ഞ മൂന്ന് ദിവസമായി വലിയ മാറ്റമില്ലാതെ തുടരുകയാണ്. വില 54,000 പിന്നിട്ടതോടെ വിപണിയില്‍ പതിവ് ചൂടില്ലെങ്കിലും അടുത്ത മാസം അതായത് ഓഗസ്റ്റ് പകുതിയോടെ വില്‍പ്പനയും ഒപ്പം വിലയും ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ചിങ്ങ മാസത്തില്‍ വിവാഹ സീസണില്‍ നിരവധി ആളുകള്‍ സ്വര്‍ണം വാങ്ങും. എന്നാല്‍ അത് മാത്രമല്ല വില വര്‍ദ്ധിക്കാനുള്ള സാഹചര്യമെന്നതാണ് മറ്റൊരു വസ്തുത.
വാങ്ങി സൂക്ഷിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്നും അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ പോലും വാങ്ങിയതിനെക്കാള്‍ കൂടുതല്‍ പണം കിട്ടും എന്നതിനാലും ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് സ്വര്‍ണത്തെ പലരും കാണുന്നത്. കൊവിഡ് കാലത്തിന് ശേഷം പല ബിസിനസുകളും പ്രതീക്ഷിച്ച ലാഭത്തിലെത്താത്തത് കാരണം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് നിരവധിപേരാണ്. ജ്വല്ലറികളിലെ സ്വര്‍ണ ചിട്ടി സ്കീമുകളിലും നിരവധി പേര് ചേരുന്നുണ്ട്.
ഇന്ന് 6,760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്റെ വില 54,080 രൂപയാണ്. ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ആറാം തീയതിയിലാണ്. അന്ന് 6,765 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില. ഈ ദിവസം 54,120 രൂപയായിരുന്നു ഒരു പവന്റെ വില. ഇതിന് ശേഷം ചെറിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ച് സ്വര്‍ണം വീണ്ടും 54,080 രൂപയെന്ന് നിരക്കിലാണ് എത്തി നില്‍ക്കുന്നത്.
അതേസമയം സ്വര്‍ണത്തിന്റെ വില കുറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയും ഇറക്കുമതി ചെയ്യുന്നവര്‍ക്കുണ്ട്. നിലവില്‍ സ്വര്‍ണത്തിന്റെ വില കുറയണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കനിയണം എന്നതാണ് അവസ്ഥ. അതിന് ഈ മാസം അവസാനം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി നിലവില്‍ 15 ശതമാനമാണ്. ഇത് 10 ശതമാനമായി കുറയ്ക്കണമെന്നാണ് നിലവിലെ ആവശ്യം.
നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്. തീരുവ കൂട്ടിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കുകയും ചെയ്തു. വിലയിലുള്ള അന്തരം മൂലം കൂടുതല്‍ ലാഭം കിട്ടുമെന്നതാണ് സ്വര്‍ണക്കടത്തിന്റെ നിരക്ക് കൂടാന്‍ കാരണം. ലാഭകരമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും ഇക്കാലയളവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.