ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇഡ്ഡലി. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും ശരാശരി ദക്ഷിണേന്ത്യക്കാരൻ ഇഡ്ഡലിയും ഒപ്പം സാമ്പാറും ചമ്മന്തിയുമൊക്കെ കഴിക്കുന്നവരാണ്. പൊടി ഇഡ്ഡലി, ഓട്‌സ് ഇഡ്ഡലി തുടങ്ങി പല വെറൈറ്റികളിൽ ഇന്ന് ഇഡ്ഡലി ലഭിക്കും. എന്നാലിപ്പോൾ സമൂഹമാദ്ധ്യമ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രത്യേക ഇഡ്ഡലിയാണ് ചൂടൻ ചർച്ചയാവുന്നത്.
ഒരു തെരുവ് കച്ചവടക്കാരൻ ഉണ്ടാക്കുന്ന സ്റ്റഫ്‌ഡ് ഇഡ്ഡലിയാണ് സൈബർ ലോകത്തെ ഞെട്ടിക്കുന്നത്. ആദ്യം ഇഡ്ഡലി ട്രേയുടെ മുകളിലായി ഒരു പഴകിയ തുണി വിരിക്കുന്നു. ഇതിന് മുകളിലായി ഇഡ്ഡലി മാവ് ഒഴിക്കുന്നു. ശേഷം തന്തൂരി സോസ്, നുറുക്കിയ സവാള, തക്കാളി, കാപ്‌സിക്കം, ചോളം, തന്തൂരി സോസ്, വൈറ്റ് സോസ് എന്നിവ ഒന്നിനുമുകളിൽ ഒന്നായി വയ്ക്കുന്നു. ഇതിനുശേഷം വീണ്ടും മുകളിലായി മാവ് ഒഴിക്കുന്നു.
ഇതിനുപിന്നാലെ ട്രേ ഓവനിൽ വച്ചിട്ട് ഏഴോ എട്ടോ മിനിട്ടുനേരം വേവിച്ചെടുക്കുന്നു. ശേഷം ഒരു ഇഡ്ഡലിയെടുത്ത് മുകൾ ഭാഗം മാറ്റി കസ്റ്റമറിനുകൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സ്റ്റഫ്‌ഡ് ഇഡ്ഡലി ഇൻ നാഗ്‌പൂർ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് ഇതുവരെ 1.2 ദശലക്ഷം വ്യൂസ് ആണ് ലഭിച്ചത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'ഇഡ്ഡലിയെ ഇഡ്ഡലിയായി തന്നെ വിടൂ സുഹൃത്തേ, ആരോഗ്യത്തിൽ നിന്ന് അനാരോഗ്യത്തിലേയ്ക്ക്, ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിച്ച തുണി കണ്ടപ്പോൾ തന്നെ തലക്കറക്കം വരുന്നു, ഇങ്ങനെ കഴിക്കാൻ മാത്രം എന്ത് ദുരിതമാണ് ഉണ്ടായത്'- എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.