മുംബയ്: സ്വന്തമായി ഒരു കാര്‍ എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. കുടുംബത്തോടൊപ്പം സ്വന്തം കാറില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ആളുകള്‍ ചുരുക്കമാണ്. എന്നാല്‍ ഇന്ത്യയില്‍ പുതിയ കാറുകള്‍ വാങ്ങുന്നതിനുള്ള താത്പര്യം ആളുകളില്‍ കുറയുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാഹന വിപണിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുന്നില്ലെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മേയില്‍ ഇന്ത്യന്‍ വാഹന വിപണിയിലെഡീലര്‍മാരുടെ പക്കലുള്ള സ്റ്റോക്ക് 44,000 കോടി എത്തിയിരുന്നു. നിലവില്‍ 60,000 കോടി രൂപ വിലവരുന്ന വാഹനങ്ങള്‍ ഡീലര്‍മാരുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 6,00,000 - 6,50,000 യൂണിറ്റ് വാഹനങ്ങള്‍ വിപണിയില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ജൂണില്‍ കമ്പനികളില്‍ നിന്നും ഡീലര്‍മാരിലേക്ക് എത്തിയത് 3,41,000 യൂണിറ്റുകളാണ്. എന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ നടന്നതാകട്ടെ 2,81,600 യൂണിറ്റുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 3,02,000 യൂണിറ്റുകളായിരുന്നു.
നിലവില്‍ 60,000 കോടി രൂപയുടെ വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ കെട്ടിക്കിടക്കുന്നത്. ഇന്ധന വിലയാണ് പ്രധാനമായും ആളുകള്‍ കാര്‍ ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. ഷോറൂമുകളിലേക്ക് ആളുകളെ എത്തിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കാര്‍ ഡീലര്‍മാര്‍. എന്നാല്‍ വലിയ ഓഫറുകള്‍ നല്‍കിയിട്ടും ആളുകള്‍ അടുക്കാത്ത സ്ഥിതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ഇന്ധന ക്ഷമതയുള്ള കാറുകള്‍ ഉടനെ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളെന്നും പ്രതിസന്ധി അധികം തുടരില്ലെന്നും ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം നിലവില്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കിയിരിക്കുന്ന ആറര ലക്ഷം കാറുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന്റെ കാര്യത്തിലാണ് വിവിധ ഡീലര്‍മാര്‍ പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ വരും മാസങ്ങളില്‍ സ്ഥിതി അനുകൂലമാകുമെന്നും വില്‍പ്പന നടക്കുമെന്നും ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നു. ഉത്തരേന്ത്യയില്‍ വിവാഹ സീസണ്‍ അവസാനിച്ചതും കൊടും ചൂടും മണ്‍സൂണ്‍ വൈകിയതുമെല്ലാം വില്‍പ്പന കുറയാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.