പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്തെന്നു ചോദിച്ചാൽ എല്ലാവരും പറയുന്ന ഉത്തരമാണിത്. പൊള്ളലേറ്റിടത്ത് ടൂത്ത് പേസ്റ്റ് തേയ്ക്കണമെന്ന്. മിക്കവാറും പേരും അങ്ങനെതന്നെയാണ് ചെയ്യുന്നത്. എന്നാൽ പൊള്ളലേൽക്കുന്ന ഭാഗത്ത് പേസ്റ്റോ തേനോ പുരട്ടരുതെന്ന് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ കൺസൾട്ടന്റ് പ്ളാസ്റ്റിക് സർജൻ ആയ ഡോ. ജി. മനോജ് പറയുന്നുയ
പൊള്ളലിനുള്ള പ്രാഥമിക ചികിത്സ, ശരീരത്തിൽ പൊള്ളലേറ്റ ഭാഗത്ത് പച്ചവെള്ളം തുടർച്ചയായി ഒഴിക്കുക എന്നതാണ്. ഐസ് വാട്ടർ, ടൂത്ത് പേസ്റ്റ്, തേൻ ഇവയൊന്നും പൊള്ളലേറ്റയുടൻ ആ ഭാഗത്ത് പരീക്ഷിക്കരുത്. പൊള്ളിയ ഭാഗത്ത് പച്ചവെള്ളം ഒഴിക്കുന്നതുവഴി പൊള്ളലിന്റെ ആഴം കുറയ്ക്കാൻ കഴിയും. അതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ആ ഭാഗം പൊതിയുക. അതിനു ശേഷം എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടണമെന്നും അദ്ദേഹം അറിയിച്ചു.
അതുപോലെ തന്നെ , ശരീരത്തിൽ പൊള്ളലേറ്റാൽ പോകേണ്ടത് പ്ളാസ്റ്റിക് സർജന്റെയടുത്താണെന്നും ഡോക്ടർ വ്യക്തമാക്കുന്നു. പ്ളാസ്റ്റിക് സർജറി എന്നത് സൗന്ദര്യ സംവർദ്ധക ചികിത്സയുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് പലരുടെയും ധാരണ. അതേസമയം, ഒരു പ്ളാസ്റ്റിക് സർജന്റെ ചികിത്സാ സേവനം ആവശ്യപ്പെടുന്ന പൊള്ളൽ നാട്ടിൽ സാധാരണമാണു താനും!
പൊള്ളലിന്റെ പ്രാഥമിക ശുശ്രൂഷ, ചികിത്സാ രീതികൾ, പൊള്ളലിന് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തുകൂടാ എന്നിവയെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി 'ഫയർ ഫ്ളൈ" എന്ന പേരിൽ നടത്തുന്ന പ്രൊജക്ടിന്റെ ചീഫ് കോർഡിനേറ്റർ കൂടിയാണ് ഡോ. മനോജ്.