business

കോട്ടയം: രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നും ഇന്ത്യയില്‍ റബര്‍ വില മികച്ച മുന്നേറ്റം നടത്തുന്നു. ഇറക്കുമതി റബറിന്റെ വരവ് കുറഞ്ഞതാണ് പ്രധാനമായും ആഭ്യന്തര വില കൂടാന്‍ സഹായിച്ചത്. അതേസമയം വില ഇടിക്കാന്‍ ടയര്‍ ലോബി സജീവമായി രംഗത്തുണ്ട്. മഴ തുടരുന്നതിനാല്‍ ടാപ്പിംഗ് കുറവാണ്. ഷീറ്റ് ക്ഷാമം ഒഴിയില്ലെന്ന് മനസിലാക്കി വ്യവസായികള്‍ വാങ്ങല്‍ താത്പര്യം കാട്ടിയതോടെ ആര്‍.എസ്.എസ് ഫോര്‍ വില കിലോക്ക് 207 രൂപയില്‍ തുടരുകയാണ്. ഈ ഗ്രേഡിന്റെ ബാങ്കോക്ക് വില 167 രൂപയിലേക്ക് താഴ്ന്നു. ജപ്പാനൊപ്പം സിംഗപ്പൂര്‍, ചൈനീസ് വിപണികളിലും വില ഇടിവുണ്ടായി. രാജ്യാന്തര വിലയുമായുള്ള അന്തരം ആഴ്ചകളായി 40 രൂപയില്‍ തുടരുകയാണ്.

വെട്ടില്ലാത്തതിനാല്‍ നേട്ടമില്ല

ഷീറ്റ് വിലയെ മറികടന്ന് ലാറ്റക്‌സ് 225 രൂപയിലെത്തി. ഷീറ്റാക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാലാണ് ലാറ്റക്‌സ് വില ഉയരുന്നത്. എങ്കിലും ഉത്പാദനമില്ലാത്തതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് നേട്ടമില്ല. ലാറ്റക്‌സ് വിലയിലെ കുതിപ്പ് താത്ക്കാലികമായതിനാല്‍ ഷീറ്റിന്റെ ഡിമാന്‍ഡ് കണക്കിലെടുത്ത് കര്‍ഷകര്‍ തീരുമാനമെടുക്കണമെന്ന് റബര്‍ ബോര്‍ഡ് പറയുന്നു.

വില്പന സമ്മര്‍ദ്ദത്തില്‍ കുരുമുളക്

കഴിഞ്ഞ ആഴ്ചകളില്‍ മികച്ച മുന്നേറ്റം നടത്തിയ കുരുമുളക് വില തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി. ഒരാഴ്ചയില്‍ കിലോയ്ക്ക് 13 രൂപയുടെ കുറവുണ്ടായി. മൂല്യവര്‍ദ്ധനയോടെ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സിന്റെ മറവില്‍ ശ്രീലങ്കയില്‍ നിന്ന് 300 കോടി രൂപയുടെ 2500 ടണ്‍ കുരുമുളക് ഇറക്കുമതിക്കാരുടെ കൈകളിലെത്തിയിരുന്നു. ഇതില്‍ ജലാംശം കൂടി ഗുണനിലവാരം കുറഞ്ഞതോടെ ഉടനെ വിറ്റു തീര്‍ക്കാന്‍ വ്യാപാരികള്‍ തിടുക്കം കാട്ടുന്നതാണ് വില ഇടിയാന്‍ കാരണം. ഉത്തരേന്ത്യയില്‍ ദീപാവലി സീസണില്‍ ഡിമാന്‍ഡ് കൂടുന്നതു വരെ വിലയില്‍ വലിയ വര്‍ദ്ധനയ്ക്ക് സാദ്ധ്യത കുറവാണ്.

ഏലം വിലയും താഴേക്ക്

ഉപഭോഗത്തിലെ മാന്ദ്യം ഏലം വിപണിയിലും കിതപ്പ് സൃഷ്ടിക്കുന്നു. കിലോയ്ക്ക് 2500 രൂപ വരെ ഉയര്‍ന്ന ശേഷം വില 2000 രൂപയിലേക്ക് താഴ്ന്നു. വേനലും മഴയും വിളനാശം ശക്തമാക്കി. ഉത്പാദന കുറവും കൃഷി നാശവും വില ഉയര്‍ത്തേണ്ടതാണെങ്കിലും മറിച്ചാണ് സംഭവിച്ചത്. വിളവെടുപ്പ് സീസണ്‍ വൈകുമെന്നതിനാല്‍ ഇപ്പോഴത്തെ വിലയിടിവ് ചെറുകിട കര്‍ഷകര്‍ക്ക് ദോഷമാകും. ഏലത്തിന്റെ ഉത്പാദന ചെലവും വര്‍ദ്ധിച്ചു. വളത്തിനും കീടനാശിനിക്കും കൂട്ടിയ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു .

ഷീറ്റ് സംസ്‌കരണത്തില്‍ കര്‍ഷകര്‍ കൂടുതല്‍ താത്പര്യമെടുക്കണം. വിപണിയില്‍ ഷീറ്റിന് ആവശ്യം കൂടുന്ന സാഹചര്യം പ്രയോജനപ്പെടുത്തണം.

എം.വസന്തഗേഷന്‍, (റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍)