പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ
വര്‍ക്കല: ആധുനിക അറവുശാലയുടെ പ്രവര്‍ത്തനം ആരംഭിക്കാതായതോടെ വൃത്തിയില്ലാത്ത ഇറച്ചി കഴിക്കേണ്ട ഗതികേടിലാണ് വര്‍ക്കലക്കാര്‍. 2020 ജനുവരിയിലാണ് വര്‍ക്കലയില്‍ ആധുനിക അറവുശാലയുടെ നിര്‍മ്മാണം ആരംഭിച്ചത്.2022ല്‍ പൂര്‍ത്തിയാക്കിയെങ്കിലും നാളിതുവരെ പ്രവര്‍ത്തനസജ്ജമായിട്ടില്ല.
ആധുനിക അറവുശാലയ്ക്കും എം.സി.എഫ് യൂണിറ്റിനുമായി രണ്ട് കെട്ടിടങ്ങളാണുള്ളത്.ജനകീയസൂത്രണ പദ്ധതിപ്രകാരം കേന്ദ്രഫണ്ട് കൂടി ഉപയോഗിച്ചാണ് നിര്‍മ്മാണം ആരംഭിച്ചത്.കേന്ദ്ര സ്ലാട്ടര്‍ ഹൗസ് നിയന്ത്രണ ചട്ടങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകളും പാലിക്കാതെ കെട്ടിടം നിര്‍മ്മിച്ചതുമൂലം ആധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിന് കഴിയാതെയായി.
ഇപ്പോള്‍ നവീകരിച്ച പഴയ കെട്ടിടത്തിലാണ് അറവുശാല പ്രവര്‍ത്തിക്കുന്നത്. മൃഗഡോക്ടറുടെ പരിശോധനയോ സര്‍ട്ടിഫിക്കേഷനോ സീലോ ഇല്ലാതെയുള്ള മാംസമാണ് വിപണിയിലെത്തുന്നത്. പുലര്‍ച്ചെ 3ഓടെ മൃഗങ്ങളെ കശാപ്പിനായി എത്തിക്കുകയും അറവുശാലയുടെ കരാറെടുത്തവര്‍ യാതൊരുവിധ പരിശോധനയും കൂടാതെ മൃഗങ്ങളെ കശാപ്പ് ചെയ്ത് വില്‍ക്കുകയും ചെയ്യും.
കശാപ്പിനായി പരിശോധിക്കേണ്ടത്
1. അസുഖം ബാധിച്ച മൃഗങ്ങളാണോ ?
2. മാംസത്തിന്റെ ഗുണനിലവാരം
വൃത്തിയില്ലാതെ
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവുശാല പ്രവര്‍ത്തിക്കുന്നത്.മലിനജലവും മറ്റ് മാലിന്യങ്ങളും ബയോഗ്യാസ് പ്ലാന്റ് വഴി ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നുവെന്നാണ് അധികൃതരുടെ അവകാശവാദം.എന്നാല്‍ പ്ലാന്റ് പണിമുടക്കിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.മൂക്ക് പൊത്തി വേണം പ്ലാന്റിനുള്ളില്‍ പ്രവേശിക്കാന്‍. മലിനജലമൊഴുകിയെത്തുന്ന ടാങ്ക് നിറഞ്ഞ് കൂത്താടിയും പുഴുക്കളും ദുര്‍ഗന്ധവും കൊണ്ട് മലീമസമാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന സാഹചര്യങ്ങളില്ലെന്നാണ് ആരോഗ്യവിഭാഗം നാട്ടുകാര്‍ക്ക് നല്‍കുന്ന മറുപടി.
പമ്പുഹൗസും തുമ്പൂര്‍മൊഴിയും ഉപയോഗശൂന്യം
അറവുശാല പ്രവര്‍ത്തിക്കുന്ന ഒരേക്കര്‍ പുരയിടത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പമ്പുഹൗസ് ഉപയോഗ ശൂന്യമായ നിലയിലാണ്.എന്നാല്‍ ഇതിനെ നവീകരണത്തിനായി 55,0000 രൂപയോളം ചെലവഴിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തുമ്പൂര്‍ മൊഴി മാലിന്യ സംസ്‌കരണ യൂണിറ്റും ഇതിനുള്ളിലുണ്ടെങ്കിലും സംസ്‌കരണ പ്രവൃത്തികള്‍ നടക്കുന്നില്ല.
അറവുശാലയ്ക്ക് ആവശ്യമായ ആധുനിക യന്ത്രസാമഗ്രികള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിവരുന്നു.
കെ.എം.ലാജി- ചെയര്‍മാന്‍,വര്‍ക്കല നഗരസഭ