arg

മയാമി: ലോ സെൽസോയ്‌ക്ക് പകരം എക്‌സ്‌ട്രാ ടൈമിൽ 97-ാം മിനിട്ടിൽ ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസ് മെസിയുടെ സങ്കടത്തെ പുഞ്ചിരിയാക്കി മാറ്റി. 112-ാം മിനിട്ടിൽ മാർട്ടിനസ് നേടിയ ഏക ഗോളിന്റെ ബലത്തിൽ കൊളംബിയയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തി. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കിരീടധാരണവും ഒപ്പം 16-ാം തവണ കിരീടം നേടുന്ന റെക്കാഡും മെസിയും സംഘവും നേടി.

28 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള കൊളംബിയയുടെ മുന്നേറ്റത്തെയാണ് ഇന്ന് അ‌ർജന്റീന അവസാനിപ്പിച്ചത്. ബോൾ പൊസെഷനിലും പാസിലും അർജന്റീനയെക്കാൾ മുന്നിട്ടുനിന്നിട്ടും മത്സരത്തിൽ അതൊന്നും ഗോളാക്കാൻ കൊളംബിയയ്‌ക്ക് കഴിഞ്ഞില്ല. പ്രക്ഷുബ്‌ദമായിരുന്നു മത്സരം. 18 ഫൗളുകളാണ് കൊളംബിയൻ ഭാഗത്തുനിന്നുണ്ടായത്. അർജന്റീനയുടേത് എട്ടെണ്ണവും. ഇരുടീമുകളും രണ്ട് വീതം മഞ്ഞ കാർഡ് കണ്ടു.

58-ാം മിനുട്ടിൽ ‌‌ ഡി മരിയയുടെ ഷോട്ട് നിർഭാഗ്യവശാൽ മാത്രമാണ് ഗോളാകാത്തത്. കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് പന്ത് തടുത്തു. 36-ാം മിനുട്ടിലേറ്റ പരിക്ക് കാരണം 66-ാം മിനുട്ടിൽ മെസി കണ്ണീരോടെ കളം വിടേണ്ടിവന്നു. കളി അവസാനിക്കുന്നതിന് തൊട്ടുമുൻപ് 117-ാം മിനുട്ടിൽ ഡി മരിയയും ബെഞ്ചിലേക്ക് മടങ്ങിയിരുന്നു.

അതേസമയം ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിൽ ഇരച്ചുകയറാൻ ശ്രമിച്ചതോടെ കോപ്പ അമേരിക്ക ഫൈനൽ മത്സരം തുടങ്ങാൻ ഒന്നര മണിക്കൂറോളം വൈകി. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിക്കേണ്ട മത്സരമാണ് ആഘോഷത്തോടെയെത്തിയ ആരാധകരുടെ തള്ളിക്കയറ്റം കാരണം വൈകിപ്പോയത്. 6.45ന് മത്സരം തുടങ്ങി.ആരാധകരെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ കോപ്പ അമേരിക്കയുടെ സംഘാടകരായ കോൺമെബോൾ ആദ്യം തയ്യാറായതുമില്ല. ഇതോടെ ഒന്നര മണിക്കൂറോളം മത്സരം താമസിക്കുകയായിരുന്നു.

തിരക്കുകാരണം അർജന്റീനയുടെയും കൊളംബിയയുടെയും കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് പോലും ആദ്യം ഉള്ളിൽ കടക്കാനായില്ല. കാണികളിൽ കുട്ടികൾക്കടക്കം പരിക്കേൽക്കുകയും ചെയ്തു.തിരക്കിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ കാണികളുടെയും കളിക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു.