medical-college

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേടായ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. രണ്ട് ലിഫ്​റ്റ് ഓപ്പറേ​റ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലേതാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കിയിരുന്നത്.

ശനിയാഴ്ച 11 മണിക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഒപിയിൽ എത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുളളിൽ കുടുങ്ങിപ്പോയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ലിഫ്റ്റിനുളളിൽ അബോധാവസ്ഥയിൽ കിടക്കുന്ന വയോധികനെ കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു രവീന്ദ്രൻ നായർ.

ശനിയാഴ്ച 12 മണിയോടെയായിരുന്നു ലിഫ്റ്റ് കേടായിരുന്നത്. ഈ സമയത്ത് രവീന്ദ്രൻ നായർ ലിഫ്റ്റിനുളളിൽ കുടുങ്ങി പോകുകയായിരുന്നു. എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും അകപ്പെട്ടോയെന്ന് പോലും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

രവീന്ദ്രൻ നായരുടെ മൊബൈൽ ഫോൺ നിലത്ത് വീണ് നശിച്ച നിലയിലായിരുന്നു. ലിഫ്റ്റ് പെട്ടന്ന് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നായർ പറഞ്ഞത്. വയോധികൻ അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.