food

പൂ പോലെ മൃദുവായ ഇഡ്ഡലി തയ്യാറാക്കിയെടുക്കുകയെന്നത് പാചകം ചെയ്ത് തുടങ്ങുന്നവർ നേരിടുന്ന ഒരു പ്രശ്നമായിരിക്കും. പച്ചരിയും ഉഴുന്നും എത്ര കൃത്യമായി ചേർത്ത് അരച്ചെടുത്താലും ഇഡ്ഡലിക്ക് മതിയായ മൃദുത്വം കിട്ടണമെന്നില്ല. അതിനാൽത്തന്നെ ചിലരെങ്കിലും ഇഡ്ഡലിയുണ്ടാക്കുന്നത് വലിയൊരു ജോലിയായിട്ടായിരിക്കും കാണുന്നത്. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല. മൃദുവായ ഇഡ്ഡലി എളുപ്പത്തിൽ ഉണ്ടാക്കാൻ ഒരു ഉഗ്രൻ വഴിയുണ്ട്. എന്താണെന്ന് നോക്കാം.

ഇഡ്ഡലി തയ്യാറാക്കേണ്ട വിധം

ഇഡ്ഡലിക്കായി കൃത്യമായ അളവിൽ പച്ചരിയും ഉഴുന്നും ചേ‌ർത്ത് മാവ് തയ്യാറാക്കിയെടുക്കുകയാണ് ആദ്യത്തെ ഘട്ടം. ഇതിനായി രണ്ട് കപ്പ് പച്ചരിയാണ് വേണ്ടത്. പച്ചരി ഒരു പാത്രത്തിലെടുത്ത് കുതിർക്കാൻ ആവശ്യമായ വെളളവും ചേർത്ത് മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ഒരു കപ്പ് ഉഴുന്നും ഒരു ടേബിൾ സ്‌പൂൺ ഉലുവയും ചേ‌ർക്കുക. ഇത് കുതിരുന്നതിനും ആവശ്യത്തിന് വെളളം ചേർക്കുക.

ഇവ രണ്ടും ഏകദേശം അഞ്ച് മണിക്കൂർ വരെയെങ്കിലും കുതിരുന്നതിന് മാറ്റിവയ്ക്കുക. പച്ചരിയും ഉഴുന്നും മിക്സിയിൽ ഒരുമിച്ചിട്ട് അരച്ചെടുക്കരുത്. ആദ്യം ഉഴുന്നും ഉലുവയും അരച്ചെടുക്കുക. അരച്ചെടുത്ത ഉഴുന്നിനെ വലിപ്പമുളള ഒരു പാത്രത്തിലേക്ക് മാ​റ്റുക.

രണ്ടാമതായി കുതിർത്ത് വച്ചിരിക്കുന്ന പച്ചരി അരച്ചെടുക്കുക. ശേഷം ഒരു കപ്പ് ചോറും കൂടി നന്നായി അരച്ചെടുക്കുക. ഇവ മൂന്നിനെയും ഒരുമിച്ച് ചേർത്ത് യോജിപ്പിച്ചെടുക്കുക. മാവ് പുളിക്കുന്നതിനായി മാറ്റിവയ്ക്കുക. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും മാവ് മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക. എട്ട് മണിക്കൂറിനുശേഷം മാവിൽ ആവശ്യമായ ഉപ്പ് ചേർത്ത് ഇഡ്ഡലി തയ്യാറാക്കാവുന്നതാണ്. നിങ്ങൾക്ക് പ്രിയപ്പെട്ട കറിയോടൊപ്പം പൂ പോലുളള ഇഡ്ഡലി സ്വാദോടെ കഴിക്കാം.