ന്യൂഡൽഹി: വീരമൃത്യു വരിച്ച ക്യാപ്ടൻ അൻഷുമാൻ സിംഗിന്റെ ഭാര്യയുടെ ചിത്രമെന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ രേഷ്മ സെബാസ്റ്ര്യൻ. ജർമ്മനിയിൽ താമസമാക്കിയ ഇവരുടെ ഫാഷൻ വീഡിയോകളും പോപ്പുലറാണ്. ഇരുവരുടെയും മുഖസാദൃശ്യവും ഹെയർ സ്റ്റൈലുമാണ് തെറ്റിദ്ധാരണയ്ക്ക് അടിസ്ഥാനം. അൻഷുമാൻ സിംഗിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര അദ്ദേഹത്തിന്റെ പത്നി അടുത്തിടെ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. തുടർന്ന്, ക്യാപ്ടന്റെ വിധവ ഫാഷൻ കളിച്ചു നടക്കുകയാണെന്ന് ഒരാൾ പോസ്റ്റിട്ടത് വൻ പ്രതിഷേധത്തിനടയാക്കുകയും ദേശീയ വനിതാ കമ്മിഷൻ ഇടപെടുകയും ചെയ്തു. ഇയാൾ തെറ്റിദ്ധരിച്ച് രേഷ്മയുടെ ചിത്രം സഹിതമാണ് മോശം പോസ്റ്റിട്ടത്. ഞങ്ങളെ വെറുതേ വിടൂ എന്നാണ് രേഷ്മയുടെ അഭ്യർത്ഥന.