കാഠ്മണ്ഡു: നേപ്പാളിൽ രണ്ട് ബസുകൾ ത്രിശൂലി നദിയിലെ ഒഴുക്കിൽപ്പെട്ട് 62 പേരെ കാണാതായ സംഭവത്തിൽ ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങൾ മാത്രം. ഇതിൽ ഉത്തരേന്ത്യക്കാരായ മൂന്ന് പേരെ തിരിച്ചറിഞ്ഞിരുന്നു. നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ചയാണ് ചിത്വാനിലെ മദൻ - ആശ്രിത് ഹൈവേയിലുണ്ടായ മണ്ണിടിച്ചിലിനിടെ ബസുകൾ നദിയിലേക്ക് വീണത്. ശക്തമായ ഒഴുക്കും മഴയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു. കാണാതായവരുടെ എണ്ണത്തിൽ ആശയകുഴപ്പമുണ്ടായിരുന്നു. എന്നാൽ, ഇരു ബസുകളിലുമായി 65 പേർ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചെന്നും ഇതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെന്നും അധികൃതർ അറിയിച്ചു.