മുംബയ്: വായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പത്ത് ബേസിസ് പോയിന്റ് ആണ് നിശ്ചിത കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജൂലായ് 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. എസ്ബിഐയുടെ നീക്കം ഏറ്റവും വലിയ തിരിച്ചടിയാകുക സാധാരണക്കാരനാണ്. പേഴ്‌സണല്‍ ലോണ്‍, വാഹന വായ്പ എന്നിവയുടെ പലിശ നിരക്കാണ് ഉയരുക.
വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വര്‍ദ്ധിക്കുന്നതിലേക്കാണ് പുതിയ തീരുമാനം വഴിവയ്ക്കുക. കോര്‍പ്പറേറ്റ് വായ്പയുടെ പലിശ നിരക്കും ഇതോടൊപ്പം വര്‍ദ്ധിപ്പിക്കും. അതേസമയം ഭവന വായ്പകളുടെ പലിശ നിരക്കില്‍ മാറ്റമില്ലാത്തത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം പകരും.
ഒരു മാസത്തെ ഫണ്ട് ബേസ്ഡ് ലെന്‍ഡിങ് റേറ്റ് (എം.സി.എല്‍.ആര്‍) 8.3 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി. മൂന്നു മാസത്തേക്കാണെങ്കില്‍ 8.4 ശതമാനം. മൂന്നു വര്‍ഷത്തേക്ക് 8.95 എന്നത് 9 ശതമാനമായി. ഈ നിരക്കില്‍ താഴെ വായ്പ നല്‍കാന്‍ ബാങ്കിന് അനുവാദമില്ല.
വിവിധ നിക്ഷേപങ്ങള്‍ക്ക് ഈയിടെയാണ് ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടിയത്. ഇതോടെ വായ്പാ പലിശ ഉയരുമെന്ന് ധനകാര്യ മേഖലയിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു.