argentina

ബ്യൂണസ് എയേഴ്‌സ്: ലയണല്‍ മെസിയും സംഘവും കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തിയതിന്റെ വിജയാഘോഷത്തിനിടെ ആരാധകന്‍ അപകടത്തില്‍ മരിച്ചു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് എയേഴ്‌സിലാണ് സംഭവം നടന്നത്. രാജ്യത്തിന്റെ പതാക ഉയര്‍ത്താനായി സ്തൂപത്തില്‍ കയറിയ ആരാധകനാണ് താഴെ വീണ് മരിച്ചത്.

കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് മെസിയും സംഘവും കോപ്പ കിരീടം നിലനിര്‍ത്തിയതോടെ ആയിരക്കണക്കിന് ആരാധകരാണ് ബ്യൂണസ് അയേഴ്‌സില്‍ തടിച്ചുകൂടിയത്. ആവേശം അതിരുവിട്ട ആരാധകന്‍ നഗരമദ്ധ്യത്തിലെ സ്തൂപത്തില്‍ കയറി പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു.

നഗരത്തിലെ സ്തൂപത്തിലെ ബി.എ. സൈനില്‍ അര്‍ജന്റീന പതാക വീശുന്നതിനായി കയറിയതായിരുന്നു ഇരുപത്തൊന്‍പതുകാരന്‍. മുകളിലെത്തി താഴേക്ക് ചാടിയെങ്കിലും നിയന്ത്രണം നഷ്ടമായി. ഇതോടെ താഴെവീണ് തല്‍ക്ഷണം മരിച്ചു. കര്‍ശന നിര്‍ദേശം ലംഘിച്ചാണ് യുവാവ് സ്തൂപത്തില്‍ കയറിയത്.

താഴെയിറങ്ങാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ പിന്തുണ തേടി. എന്നാല്‍ അതിനു മുന്‍പേ താഴെ വീണെന്ന് ബ്യൂണസ് എയേഴ്സ് സിറ്റി സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചു.

പ്രാദേശിക സമയം അര്‍ധരാത്രി ഒരു മണി കഴിഞ്ഞാണ് കളി അവസാനിച്ചത്. തങ്ങളുടെ രാജ്യം കിരീടം നിലനിര്‍ത്തിയതതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ സ്തൂപത്തിന് സമീപം വിജയാഘോഷം നടത്താനായി ഒരുമിച്ചുകൂടി. പുലര്‍ച്ചെ നാലുമണിയോടെ നഗരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ആരാധകര്‍ വിസമ്മതിച്ചു. ഇതോടെ ചിലരെ അറസ്റ്റ് ചെയ്തു നീക്കി.