m-sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റില്‍ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങി നടത്തിയ ചികിത്സയ്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് മാസം 13ാം തീയതി മുതല്‍ 17ാം തീയതി വരെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കര്‍ ചികിത്സ നടത്തിയിരുന്നു. ഇതിനാണ് തുക അനുവദിച്ചിരിക്കുന്നത്. 2,35, 967 രൂപയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ചികിത്സാ ചെലവ് ഇനത്തില്‍ നല്‍കിയത്.

ചികിത്സാ ചെലവ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് പണം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ശിവശങ്കര്‍ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ്. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നല്‍കിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ അദ്ദേഹം 2023 ഓഗസ്റ്റ് വരെ എറണാകുളം കാക്കനാട് ജയിലിലാണ് കഴിഞ്ഞത്.

ഇഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴ കേസില്‍ ഒന്നാം പ്രതിയായ എം ശിവശങ്കര്‍ 2023 ഫെബ്രുവരി 14 മുതല്‍ റിമാന്‍ഡിലായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടും എം ശിവശങ്കര്‍ ഹാജരാക്കിയിരുന്നു.