ramayanam

ഈശ്വരന്റെ ശൈവവും വൈഷ്ണവവും ആയ സങ്കൽപങ്ങളെയാണ് ഹിന്ദുമത വിശ്വാസികൾ മുഖ്യമായും ആധാരമാക്കിയിട്ടുള്ളത്. വൈഷ്ണവ സങ്കൽപങ്ങളിൽ പ്രാധാന്യം ശ്രീരാമനും ശ്രീകൃഷ്ണനുമാണ്. കൃഷ്ണഭക്കർക്ക് ഭാഗവതമെന്നതു പോലെ രാമഭക്തർക്ക് പരമ പ്രധാനമാണ് രാമായണം. ഏതു കാലത്തും, ഏതു പരിതസ്ഥിതിയിലും പ്രസക്തി നഷ്ടപ്പെടാത്ത കൃതികളെയാണ് ക്ലാസിക്കുകൾ എന്നു വിളിക്കുന്നത്. രാമായണം ഒരു ക്ലാസിക്ക് കൃതിയാണ്.

ഏതാണ്ട് നാലായിരം വർഷങ്ങളായി ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീപുരുഷന്മാരുടെ സത്യധർമ്മ ഭാവനകൾക്ക് പ്രചോദനമരുളിയ മഹാഗ്രന്ഥങ്ങളിൽ പ്രഥമസ്ഥാനമാണ് രാമായണത്തിനുള്ളത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ഈ സത്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യുഗങ്ങളിൽ അസംഖ്യം ജനവിഭാഗങ്ങളുടെ വികാരങ്ങളേയും വിചാരങ്ങളേയും രൂപപ്പെടുത്തിപ്പോന്നിട്ടുള്ള മഹാഗ്രന്ഥമാണ് രാമായണം. ഇതിഹാസവും ധർമ്മശാസ്ത്രവും സാമൂഹിക ചരിത്രവും ഭക്തിഗാഥയും ചേർന്ന ആദികാവ്യമാണ് രാമായണമെന്നും നെഹ്‌റു വ്യക്തമാക്കുന്നു.

ഭൂമിയിൽ പർവതങ്ങളും നദികളും ഉള്ളിടത്തോളം കാലം രാമായണവും നിലനിൽക്കുമാറാകട്ടെ എന്നാണ് ബ്രഹ്മാവ് അനുഗ്രഹിച്ചത്. ഭാരതഹൃദയത്തിന്റെ ധാർമ്മികവും സൗന്ദര്യാത്മകവുമായ സകല സ്രോതസുകളും ഒന്നായി അലിഞ്ഞുചേർന്ന് ഏകവാണിയായി രാമായണത്തിലൂടെ ഒഴുകുന്നു. അതിവിശുദ്ധവും അതിപേലവവുമായ മനുഷ്യസ്വഭാവങ്ങളെല്ലാം അവയുടെ സൂക്ഷ്മഭാവങ്ങളിൽ രാമായണത്തിൽ ദർശിക്കാം. രാമായണ-മഹാഭാരതങ്ങളിലൂടെയാണ് പുരാതന ഭാരത പ്രതിഭ സമഗ്രത കൈവരിക്കുന്നത്. കാലങ്ങൾ ഏറെ താണ്ടിയിട്ടും, സാമൂഹ്യ, രാജനീതിക, സാംസ്‌കാരിക തലങ്ങളിൽ പ്രകടമായ തകിടംമറിച്ചിലുകൾ പലതും നടന്നിട്ടും രാമായണം ഇന്നും ജീവിതസ്പർശിയായി നിൽക്കുന്നു!

കാലമാണ് നന്മതിന്മകളുടെ നെല്ലും പതിരും തിരിക്കുന്നത്. എന്നാൽ കാലത്തിന് യാതൊരു പോറലുമേൽപ്പിക്കാൻ കഴിയാത്ത വിധം രാമായണം ഇന്നും ഒരു ദീപസ്തംഭമായി നിൽക്കുന്നു. ധർമസ്വരൂപമാർന്ന് സത്യപഥത്തിൽ നിന്ന് അണുവും വ്യതിചലിക്കാത്ത യാത്രയിൽ നക്തഞ്ചരന്മാരെയും മായകളെയും നിഗ്രഹിച്ച് തരിപ്പണമാക്കിയ ത്രൈലോക്യ ചക്രവർത്തിയുടെ കഥയായ രാമായണം ഭാരത സംസ്‌കാരത്തിന്റെ വിവരണമാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജീവിതമാണ് രാമായണത്തിലൂടെ നമുക്കു മുമ്പിൽ വരച്ചിടുന്നത്. പ്രജാവത്സലനായ ഭരണകർത്താവിനേയും, ആദർശധീരനായ രാജ്യതന്ത്രജ്ഞനേയും, ത്യാഗനിർഭരനായ സുഹൃത്തിനേയും, സ്‌നേഹസമ്പന്നനായ പുത്രനേയും ഭർത്താവിനേയും സഹോദരനേയും പിതാവിനേയും ഈ ചിത്രത്തിൽ കാണാം.

രാമായണ കഥ ഇത്ര ജനപ്രിയമായത് എന്തുകൊണ്ടാണ്? ഒരു പക്ഷേ മനുഷ്യന്റെ മന:ശാസ്ത്രവും സ്വഭാവവും പെരുമാറ്റവും ആഴത്തിൽ അപഗ്രഥിക്കുന്നതുകൊണ്ടാവാം. ധർമ്മാധർമ്മങ്ങളുടെ തുലാസിൽ സ്വയം ഒന്നു തൂക്കി നോക്കാൻ രാമായണം ഓരോ വ്യക്തിയേയും സഹായിക്കുന്നു. രാമായണം പ്രതീകങ്ങളുടെ അർത്ഥം മനസിലാക്കി പഠിക്കേണ്ട വിശിഷ്ട ഗ്രന്ഥമാണ്. രാമായണത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രതീകങ്ങളാണ്. ഈ പ്രതീകങ്ങളുടെ അർത്ഥം മനസിലാക്കുവാൻ കഴിഞ്ഞാൽ മാത്രമേ രാമായണം ശരിക്കും മനസിലാക്കി എന്ന് പറയുവാൻ കഴിയൂ.

ആദ്ധ്യാത്മിക സാധനയിലൂടെ ബ്രഹ്മജ്ഞാനത്തിലെത്താൻ ആഗ്രഹിക്കുന്ന ഏതൊരു സാധകനും ഗുരുവും വഴികാട്ടിയുമാണ് രാമായണം. ഒരു സാധകൻ എങ്ങനെ തന്റെ പാതയിൽ അധ:പതിക്കുന്നുവെന്ന് രാമായണം പഠിപ്പിക്കുന്നു. പതനത്തിൽ നിന്ന് എങ്ങനെ കരേറാമെന്നും പറഞ്ഞുതരുന്നു. സാധനയിൽ മുമ്പോട്ടു പോകുമ്പോൾ വരുന്ന വിഘ്നങ്ങൾ ഏതെല്ലാമാണ്? ഈ വിഘ്നങ്ങളെ എങ്ങനെയാണ് തരണം ചെയ്യേണ്ടത്? സാധനാശാസ്ത്രത്തിൽ അവശ്യം വേണ്ട എല്ലാ ഘടകങ്ങളും രാമായണത്തിലുണ്ട്. അങ്ങനെ പറയുമ്പോൾ ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെ സമ്പൂർണ വഴികാട്ടിയായിത്തീരുന്നു, രാമായണം. ശ്രീരാമൻ, സീത, ദശരഥൻ, ദശരഥ പത്നിമാർ, ഹനുമാൻ, ഭരത ലക്ഷമണ ശത്രുഘ്നന്മാർ, രാവണൻ, കുംഭകർണൻ തുടങ്ങി സേതു ബന്ധനത്തിന് സഹായിക്കുന്ന അണ്ണാറക്കണ്ണൻ വരെ രാമായണത്തിലെ പ്രതീകങ്ങളാണ്. ഈ പ്രതീകങ്ങളുടെ അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുന്ന ഒരുവന് രാമായണം സാധനാ സായുജ്യമായിത്തീരുന്നു.