സ്വാതന്ത്യ്രത്തിന്റെ ചിഹ്നമായ ഫ്രീജിയൻ തലപ്പാവിന്റെ രൂപാന്തരമാണ് പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം ഫ്രീജസ്. ഇപ്പോൾ തുർക്കിയുടെ ഭാഗമായ അനാത്തോളിയ പ്രവിശ്യയിലെ ഫ്രീജിയയിലെ സ്വതന്ത്രരായ അടിമകൾ അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ധരിച്ചിരുന്ന അഗ്രം കൂർത്ത ചുവപ്പു നിറത്തിലുള്ള തൊപ്പിയാണ് ഫ്രീജിയൻ തലപ്പാവ്. പിന്നീട് ഇത് യൂറോപ്പിൽ പരക്കെ സ്വാതന്ത്യ്രത്തിന്റെ ചിഹ്നമായി മാറി.മനുഷ്യന്റെയോ മൃഗങ്ങളുടെയോ രൂപത്തിലല്ല പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം അവതരിപ്പിക്കുന്നതെന്ന് സംഘാടകസമിതി പ്രസിഡന്റ് ടോണി എസ്റ്റാംഗേ പറഞ്ഞിരുന്നെങ്കിലും ഇവയ്ക്ക് പക്ഷികളുടെ രൂപത്തോട് സാദൃശ്യമുണ്ട്. പക്ഷികളുടെ കൊക്കുകളും കണ്ണുകളും നൽകിയിട്ടുമുണ്ട്. 2022 നവംബർ 14നാണ് അവതരിപ്പിച്ചത്.
ഈഫലിലെ ഇരുമ്പുമായി മെഡലുകൾ
ഈ വർഷം ഫെബ്രുവരിയിലാണ് പാരീസ് ഒളിമ്പിക്സിലെ വിജയികൾക്ക് നൽകുന്ന മെഡലിന്റെ മാതൃക സംഘാടകർ പുറത്തിറക്കിയത്. വൃത്താകൃതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഒളിമ്പിക്സ് മെഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ഓരോന്നിന്റെയും നടുവിലെ ഷഡ്ഭുജ ആകൃതിയിലെ ഇരുമ്പ് ഭാഗമാണ്. ഫ്രാൻസിന്റെ മുഖമുദ്രയായ ഈഫൽ ടവറിൽ നിന്ന് എടുത്ത ഇരുമ്പ് ഉപയോഗിച്ചാണ് ഈ ഷഡ്ഭുജ മെഡൽ നിർമ്മിച്ചിരിക്കുന്നത്. 5084 വീതം സ്വർണം, വെള്ളി, വെങ്കല മെഡലുകളാണ് ഒളിമ്പിക്സിൽ നൽകുന്നത്. ഈ മെഡലുകളിലെല്ലാം ഈഫലിലെ ഇരുമ്പിന്റെ അംശമുണ്ട്.