പത്തനംതിട്ട: പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ തോതിൽ ചോർച്ച. സിലിണ്ടർ ഉടൻ തന്നെ പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പുറത്തേക്കെറിഞ്ഞ സിലിണ്ടറിൽ നിന്ന് പാചകവാതകം സമീപത്തെ പ്രദേശങ്ങളിലേക്ക് പടരുന്നതിന് ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് വീട്ടുടമ രഞ്ജിത്ത് പറയുന്നത്.
'കഴിഞ്ഞ ദിവസം എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പുതിയ സിലിണ്ടർ ഘടിപ്പിച്ച് കത്തിക്കാൻ നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ശേഷം സിലിണ്ടർ അകത്ത് നിന്ന് കറങ്ങുകയായിരുന്നു. കഞ്ഞിവയ്ക്കാൻ അടുപ്പ് കത്തിക്കുന്ന സമയത്താണ് അപകടം. പിന്നാലെ തന്നെ അടുക്കളയിൽ മഞ്ഞ് പോലെയായി. ഉടൻ തന്നെ പുറത്തേക്ക് എടുത്ത് എറിയുകയായിരുന്നു. പരാതി അറിയിച്ചപ്പോൾ ഗ്യാസ് ഏജൻസി പുതിയ സിലിണ്ടർ വീട്ടിൽ എത്തിച്ചു നൽകി'- രഞ്ജിത്ത് പറഞ്ഞു.
ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1, ഐഎസ്‌ഐ മാർക്ക് ഉള്ള എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുക.
2, സിലിണ്ടറുകൾ യഥാർത്ഥ ഡീലർമാരിൽ നിന്ന് വാങ്ങുക. കരിഞ്ചന്തയിൽ നിന്ന് വാങ്ങരുത്.
3, ഗ്യാസ് സിലിണ്ടർ ലംബമായ രീതിയിൽ പരന്ന പ്രതലത്തിലും ശരിയായ വായുസഞ്ചാരമുള്ള സ്ഥലത്തും സൂക്ഷിക്കുക.
4, തീപിടിക്കുന്ന വസ്തുക്കളും ഇന്ധനങ്ങളും ഗ്യാസ് സിലിണ്ടറിന് സമീപം ഇല്ലെന്ന് ഉറപ്പാക്കുക
5, ഗ്യാസ് സിലിണ്ടർ ശരിയായി ബന്ധിപ്പിക്കുന്നതിന് സർവീസ് മാൻ അല്ലെങ്കിൽ ഡെലിവറിമാനിൽ നിന്ന് സഹായം നേടുക.
6, ചോർച്ച തടയാൻ, എപ്പോഴും ഉപയോഗത്തിന് ശേഷം ഗ്യാസ് സിലിണ്ടറിലെ നോബ് ഓഫ് ചെയ്യുക.