പാലക്കാട്: ബി.ജെ.പി മുൻ കൗൺസിലറുടെ വീടിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ യുവമോർച്ച ഭാരവാഹി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. മണലി സ്വദേശിയും യുവമോർച്ച മണ്ഡലം ഭാരവാഹിയുമായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. രാഹുൽ, രാഹുലിന്റെ സുഹൃത്തുക്കളായ അനുജിൽ, അജേഷ് കുമാർ, സീന പ്രസാദ്, മഞ്ഞല്ലൂർ സ്വദേശിയായ അജേഷ് എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് മുൻ ബി.ജെ.പി നഗരസഭാഗം എസ്.പി. അച്യുതൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി 12മണിക്ക് കാറിലും ബൈക്കിലുമെത്തിയ സംഘം ബിയർ കുപ്പി എറിഞ്ഞ് വീടിന്റെ ജനൽ ചില്ലുകളും കാറും തകർത്തത്. സൗത്ത് പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുതിർന്ന ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന പങ്കില്ലെന്ന് വ്യക്തമായതോടെ ജാമ്യത്തിൽ വിടുകയായിരുന്നു.
ശോഭ സുരേന്ദ്രനെ അനുകൂലിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്ന് എസ്.പി അച്യുതൻ പരാതി നൽകിയിരിക്കുന്നത്. എന്നാൽ നവമാദ്ധ്യമങ്ങളിൽ വ്യക്തിപരമായ അധിക്ഷേപിക്കുന്ന മട്ടിൽ നിരന്തരം പോസ്റ്റിടുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പിടിയിലായ യുവമോർച്ച പ്രവർത്തകർ മൊഴി നൽകിയത്. ബിയർ കുപ്പി എറിഞ്ഞുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ടൗൺ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഞ്ചു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.