ബാസൽ : അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിസ് ഫുട്ബാൾ താരം ഷെർദാൻ ഷാക്കീരി. 2010ൽ തന്റെ 18-ാം വയസിൽ സ്വിസ് ടീമിന്റെ കുപ്പായമണിയാൻ തുടങ്ങിയ ഷാക്കീരി 32-ാം വയസിൽ 125 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചശേഷമാണ് പടിയിറങ്ങുന്നത്. സ്വിസ് ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമാണ് ഷാക്കീരി. 130 മത്സരങ്ങൾ കളിച്ച ഗ്രാനിറ്റ് ഷാക്കയാണ് ഒന്നാമൻ.
നാല് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും സ്വിറ്റ്സർലാൻഡിനെ പ്രതിനിധീകരിച്ച താരമാണ് ഷാക്കീരി.ഇക്കഴിഞ്ഞ യൂറോകപ്പിൽ ഇംഗ്ളണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലാണ് അവസാനമായി രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങിയത്. മത്സരത്തിൽ നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില ആയതിനാൽ വിജയികളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നിരുന്നു. ഷൂട്ടൗട്ടിൽ ഇംഗ്ളണ്ട് 5-3ന് വിജയിക്കുകയും ചെയ്തു. ഷൂട്ടൗട്ടിൽ ഷാക്കീരി തന്റെ കിക്ക് ഗോളാക്കിയിരുന്നു. ജൂൺ 19ന് സ്കോട്ട്‌ലാൻഡിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഗോൾ നേടിയത് ഷാക്കീരിയാണ്. ക്ളബ് ഫുട്ബാളിൽ എഫ്.സി ബാസൽ,ബയേൺ മ്യൂണിക്ക്, ലിവർപൂൾ,ഇന്റർ മിലാൻ,സ്റ്റോക് സിറ്റി,ലിയോൺ തുടങ്ങിയ ക്ളബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ഷാക്കീരി ഇപ്പോൾ അമേരിക്കൻ ക്ളബ് ഷിക്കാഗോ ഫയറിലാണ് കളിക്കുന്നത്.
32
ഗോളുകളാണ് ഷാക്കീരി തന്റെ കരിയറിൽ നേടിയിട്ടുള്ളത്. സ്വിറ്റ്സർലാൻഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ്. 42 ഗോളുകൾ നേടിയ അലക്സാണ്ടർ ഫ്രേയ് ആണ് ഇക്കാര്യത്തിൽ ഒന്നാമൻ.
6
കഴിഞ്ഞ ആറ് മേജർ ടൂർണമെന്റുകളിലും (2014,2018,2022 ലോകകപ്പുകളിലും 2016,2010 2024 യൂറോ കപ്പുകളിലും ) ഗോളടിച്ച ഏക താരമാണ് ഷാക്കീരി.