jammu

ശ്രീനഗർ:ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന ജമ്മു കാശ്‌മീരിൽ തിങ്കളാഴ്ച രാത്രി ദോഡ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. മേജർ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, സിപോയിമാരായ ബിജേന്ദ്ര, അജയ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് ഭീകരഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ 'കാശ്മീർ ടൈഗേഴ്സ്' ആണ് ആക്രമണത്തിനു പിന്നിൽ.

ജില്ലയിലെ ദേസ വനത്തിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഭീകരവിരുദ്ധ സേനയായ രാഷ്‌ട്രീയ റൈഫിൾസും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ രാത്രി ഏഴേമുക്കാലോടെ ആദ്യ ഏറ്റമുട്ടലുണ്ടായി. ഒളിച്ചിരുന്ന് വെടിവച്ച ഭീകരരെ സൈന്യം തിരിച്ചടിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യം പിന്തുടർന്നു.രാത്രി 9 മണിയോടെ വീണ്ടും രൂക്ഷമായ ഏറ്റമുമുട്ടലുണ്ടായി. 20 മിനിട്ടോളം ഏറ്റുമുട്ടൽ തുടർന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് സൈനികരിൽ നാല് പേരാണ് ആശുപത്രിയിൽ വച്ച് മരിച്ചത്.

ഇതോടെ മേഖലയിൽ ഇക്കൊല്ലം വീരമൃത്യു വരിച്ച സൈനികർ 17 ആയി. കഴിഞ്ഞ ദിവസം കുപ്‌വാരയിയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.

കൂടുതൽ സൈന്യത്തെ എത്തിച്ച് തെരച്ചിൽ തുടരുകയാണ്.

സ്ഥിതി വിലയിരുത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി സംസാരിച്ചു.

ദോഡയിൽ ഒരാഴ്‌ചയിൽ രണ്ടാമത്തെ ഭീകരാക്രമണം.

ജൂൺ 11 ന് ശേഷം അഞ്ചാമത്തെ സംഭവം.

ജൂൺ 11നും 12നും 6 സൈനികർക്ക് വീരമൃത്യു

ജൂലായ് 6 -കുൽഗാമിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ജൂലായ് 8ന് കത്വയിൽ അഞ്ച് സൈനികർക്ക് വീരമൃത്യു

32മാസം, 48 വീരമൃത്യു

ഒരിടവേളയ്‌ക്ക് ശേഷം ജമ്മു കാശ്മീരിൽ ഭീകരത വർദ്ധിക്കുകയാണ്. കഴിഞ്ഞ 38 മാസങ്ങളിൽ 48 സൈനികരാണ് വീരമൃത്യു വരിച്ചത്.

ധീരരായ സൈനികരെ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. ഭീകരരെ കൈകാര്യം ചെയ്യും.

--പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഭീകരാക്രമണം ആവർത്തിക്കുന്നതിൽ കേന്ദ്രത്തിനാണ് ഉത്തരവാദിത്വം. തുടർച്ചയായ ഭീകരാക്രമണങ്ങൾ ജമ്മു കാശ്മീരിലെ സ്ഥിതി വഷളാക്കും.

--രാഹുൽ ഗാന്ധി,​ പ്രതിപക്ഷ നേതാവ്