ബീജിങ് / വാഷിങ്ടൺ: വധശ്രമത്തിന് ശേഷം സുരക്ഷാ സേനയുടെ നടുക്ക് നിന്ന് മുഷ്ടി ചുരുട്ടി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്. എന്നാൽ ഇതേ ചിത്രം പ്രിന്റ് ചെയ്ത ടീ-ഷർട്ടുകളാണിപ്പോൾ ലോകത്തെ വിവിധ മാർക്കറ്റുകളിൽ താരം. പക്ഷേ ട്രംപിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനത്തിലൂടെയുള്ള വിൽപനയാണ് നിർത്തിയത്. കഴിഞ്ഞ ശനിയാഴ്ച ട്രംപിന് വെടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ടീ ഷർട്ട് വിൽപനയ്ക്ക് എത്തിയിരുന്നു. താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളിലാണ് വിൽപനയ്ക്ക് എത്തിയത്. എന്നാൽ അസ്വസ്ഥമാക്കുന്ന ഉള്ളടക്കമുള്ളതാണ് ടീ ഷർട്ട് വിൽപന വിലക്കാൻ കാരണമെന്ന് ചൈന വിശദമാക്കി. അതേസമയം, ഇതേ ചിത്രത്തോടെയുള്ള ടീഷർട്ടിന്‍റെ അമേരിക്കയിലെ വിൽപന തകൃതിയായി നടക്കുകയാണ്. അമേരിക്കയിൽനിന്നടക്കം ടീഷർട്ടിനായി ആയിരക്കണക്കിന് ഓർഡറുകളാണ് ചൈനയിലെ റീട്ടെയിലർമാർക്ക് ലഭിക്കുന്നത്.