തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള താത്‌കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് തുടർക്കഥയാകുന്നു. സർക്കാർ ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് ശമ്പളം നൽകാത്തതെന്ന് നേരത്തേ അധികൃതർ ന്യായവാദം നിരത്തിയിരുന്നെങ്കിലും കണ്ട് മാസം മുമ്പ് കൗൺസിൽ ആവശ്യപ്പെട്ട ഫണ്ട് സർക്കാർ അനുവദിച്ചിരുന്നു. അതിന് ശേഷവും താത്‌കാലിക ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാതെ വട്ടം കറക്കുകയാണ്. രണ്ട് മാസത്തെ ശമ്പളമാണ് ഇപ്പോൾ കുടിശികയായിരിക്കുന്നത്. താത്കാലിക ജീവനക്കാരുടെ ശമ്പള ബിൽ തയ്യാറാക്കുന്ന ഓഫീസ് വിഭാഗത്തിന്റെ വീഴ്ചയാണ് തങ്ങളുടെ കാര്യത്തിൽ തിരിച്ചടിയെന്ന് താത്കാലിക ജീവനക്കാർ ആരോപിക്കുന്നു. സ്റ്റേഡിയങ്ങളിലെയും ഹോസ്റ്റലുകളിലെയും മറ്റും ശുചീകരണവും സുരക്ഷയുമുൾപ്പടെ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയാണ് കൗൺസിൽ നാളുകളായി പറ്റിക്കുന്നത്. അതേസമയം ഓഫീസിലുള്ള ചില താത്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കത്ത രീതിയിൽ ഫണ്ട് ക്രമീകരണം നടത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ ഒന്നും പരിഗണിക്കാതെയാണ് ഒരു പന്തിയിൽ രണ്ട് വിളമ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ജീവനക്കാർ കായികമന്ത്രിയുടെ ഓഫീസിലെത്തി പരാതിപറഞ്ഞിരുന്നു. സർക്കാരിന് നാണക്കേടുണ്ടാക്കാൻ അനുവദിക്കില്ലെന്ന് കൺസിൽ അധികൃതർക്ക് മന്ത്രിയുടെ ഓഫീസ് താക്കീത് നൽകിയെങ്കിലും ശമ്പളം കിട്ടിയില്ല.
പി.എഫും കുടിശിക
ശമ്പളം മാത്രമല്ല താത്കാലിക ജീവനക്കാരുടെ പി.എഫ്. വിഹിതവും അടയ്ക്കുന്നതിൽ ഏഴ് മാസമായി കൗൺസിൽ വീഴ്ത്തിവരുത്തിയിരിക്കുകയാണ്. അതേസമയം ജീവനക്കാരുടെ വിഹിതം ശമ്പളത്തിൽ നിന്ന് പിടിക്കുന്നുമുണ്ട്.