tree

തിരുവനന്തപുരം: പേരൂർക്കടയിൽ കാറിന് മുകളിലേക്ക് വലിയ മരം വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം. കാറിൽ യാത്ര ചെയ്‌തിരുന്ന തൊളിക്കോട് സ്വദേശി മോളി(42)​യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭർ‌ത്താവിന് പരിക്കേറ്റു. എന്നാൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വഴയില ആറാംകല്ലിലാണ് രാത്രി എട്ട് മണിയോടെ വലിയ ആൽമരം കാറിന് മുകളിലേക്ക് വീണത്. കാർ നിശ്ശേഷം തകർന്നു.

മരം വീണയുടൻ തന്നെ യുവതിയുടെ ഭർത്താവിന് പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ മോളിയ്‌ക്ക് സാധിച്ചില്ല. കാർ വെട്ടിപ്പൊളിച്ച ശേഷമാണ് മോളിയെ പുറത്തെടുത്തത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരൂർക്കട-വഴയില റോഡിൽ അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തുണ്ടെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയിൽ റോഡിൽ മരംവീണ് വ്യാപകനാശനഷ്‌ടം ഉണ്ടായി. ശക്തമായ മഴയ്ക്കിടെ തൃശൂർ ചീരാച്ചിയിൽ റോഡിലേക്ക് മരം കടപുഴകി വീണു. റോഡിന് സമീപം നിന്നിരുന്ന മാവാണ് കുറുകെ കടപുഴകി വീണത്. ഏറെ തിരക്കുള്ള റോഡിൽ മരം വീഴുന്ന സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റോഡ് സൈഡിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണെങ്കിലും മരക്കൊമ്പ് റോഡിൽ കുത്തിനിന്നതിനാൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. തൃശൂരിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒല്ലൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മരം വീണ് മേഖലയിലെ വൈദ്യുതി ലൈനുകളും, കേബിൾ ടി.വി വയറുകളും തകരാറിലായി. ഒരു മണിക്കൂറോളം ഗതാഗത തടസവും അനുഭവപ്പെട്ടു.