crime

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിയായ അമരവിള ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക് ഇറങ്ങിയ എക്‌സൈസ് സംഘത്തിന്റെ കൈയില്‍ കുടുങ്ങിയത് ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍. ബസില്‍ സാധാരണ യാത്രക്കാരെപ്പോലെ സഞ്ചരിച്ചാണ് യുവാക്കള്‍ മതിയായ രേഖകളില്ലാതെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്.

നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്നു തൃശൂര്‍ സ്വദേശികളായ ശരത്, ജിജോ എന്നീ യുവാക്കള്‍. എക്‌സൈസ് സംഘം നടത്തിയ പതിവ് പരിശോധനയില്‍ ഇവരുടെ കയ്യില്‍ നിന്ന് 2.250 കിലോഗ്രാം സ്വര്‍ണം പിടികൂടുകയായിരുന്നു. ആഭരണങ്ങളാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ബസിലാകുമ്പോള്‍ പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് യുവാക്കള്‍ ഈ മാതൃക സ്വീകരിച്ചത്. ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയ സ്വര്‍ണത്തിന് മതിയായ രേഖകള്‍ ഇല്ലായിരുന്നു. പ്രതികളെ പിന്നീട് ആഭരണങ്ങള്‍ സഹിതം ജിഎസ്ടി വകുപ്പിന് കൈമാറുകയായിരുന്നു.

പ്രതികള്‍ക്ക് ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി.സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടിച്ചെടുത്തത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്.എസ്.എസ്, അരുണ്‍ സേവ്യര്‍, ലാല്‍കൃഷ്ണ എന്നിവരും പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.