പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ ലക്ഷ്യമിടുന്നത് മെഡൽ നേട്ടത്തിൽ ഇരട്ടയക്കം കടക്കുകയെന്നതാണ്. മൂന്ന് വർഷം മുമ്പ് ടോക്യോയിൽ ഒരു സ്വർണമടക്കം ഏഴ് മെഡലുകൾ നേടിയ ഇന്ത്യയ്ക്ക് ഇക്കുറി 10 മെഡലുകളെങ്കിലും നേടാനാകും എന്ന ശുഭപ്രതീക്ഷയാണുള്ളത്. പത്തുമെഡലുകൾ നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന ആത്മവിശ്വാസം പകരുന്നത് 107 മെഡലുകൾ വാരിക്കൂട്ടിയ 2023 ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലെ പ്രകടനമാണ്.
ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ വേട്ടയായിരുന്നു ഇത്. അതിന് ശേഷം നടന്ന ലോക ചാമ്പ്യൻഷിപ്പുകളിലും ഒളിമ്പിക് ക്വാളിഫിക്കേഷൻ മത്സരങ്ങളിലും നടത്തിയ പ്രകടനം പത്തോ അതിലധികമോ ഒളിമ്പിക് മെഡലുകൾ എന്നത് ഒരു അതിമോഹമല്ലെന്ന് അടിവരയിടുന്നു. നമ്മുടെ സാദ്ധ്യതകൾ പ്രധാനമായും റെസ്ലിംഗ്, ബാഡ്മിന്റൺ, ബോക്സിംഗ്, വെയ്റ്റ്ലിഫ്ടിംഗ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ തന്നെയാണ്.
ഇവർ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ
നീരജ് ചോപ്ര
അത്ലറ്റിക്സ്
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ നീരജാണ്. 2016ൽ ലോക ജൂനിയർ അത്ലറ്റിക് മീറ്റിൽ ജാവലിനിൽ 86.48 മീറ്റർ എറിഞ്ഞ് റെക്കാഡോടെ സ്വർണം നേടിയാണ് നീരജിന്റെ അശ്വമേധം തുടങ്ങിയത്. 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ നീരജ് ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞാണ് ചരിത്ര നേട്ടത്തിലെത്തിയത്. അതിന് ശേഷം 2023ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലും സ്വർണം നേടി. 88.88 മീറ്ററാണ് ഹ്വാംഗ്ചോയിൽ എറിഞ്ഞത്. 90 മീറ്റർ ദൂരം കണ്ടെത്തുകയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് നീരജ് പറയുന്നു. പാരീസിൽ നീരജിന് വെല്ലുവിളിയാകുമെന്ന് കരുതുന്നത് ജർമ്മൻ യുവതാരം മാക്സ് ഡെനിംഗാണ്. 90 മീറ്ററിന് മുകളിൽ എറിഞ്ഞിട്ടുള്ള താരമാണ് ഡെനിംഗ്. യാക്കൂബ് വൽദേഴ്ഷ്, ആൻഡേഴ്സൺ പീറ്റേഴ്സ്, പാകിസ്ഥാന്റെ അർഷാദ് നദീം,ഫിൻലാൻഡിന്റെ ടോണി കെരാനൻ,ഒളിവർ ഹെലാൻഡർ തുടങ്ങി പരിചയസമ്പന്നരായ താരനിരയോടാണ് നീരജിന്റെ പോരാട്ടം.
സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി
ബാഡ്മിന്റൺ
കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ സ്വർണവും ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനവും നേടിയ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിൽ നിന്ന് ഇന്ത്യ ഒളിമ്പിക്സിൽ ഒരു മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ മാസം സിംഗപ്പൂർ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായതും തുടർന്ന് പരിക്കിന്റെ സൂചനകൾ പുറത്തുവന്നതും ആശങ്ക ഉയർത്തുന്നുണ്ട്.
സിഫ്ത് കൗർ സംറ
ഷൂട്ടിംഗ്
ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വ്യക്തിഗത ഇനത്തിൽ സ്വർണവും ടീമിനത്തിൽ വെള്ളിയും നേടിയ സിഫ്ത് ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇക്കുറി മെഡൽ നേടാൻ സാദ്ധ്യതയേറെയാണ്. ഒളിമ്പിക് സെലക്ഷൻ ട്രയൽസിന്റെ നാലു ഘട്ടങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
വിനേഷ് ഫോഗാട്ട്
ഗുസ്തി
കഴിഞ്ഞ ഒളിമ്പിക്സ് ഉൾപ്പടെയുള്ള മത്സരവേദികളിൽ പരിക്കിന്റെ വിളയാട്ടത്തിൽ വീണുപോയ സങ്കടങ്ങളുടെ ചരിത്രം ഇക്കുറി വിനേഷിന് മായ്ക്കണം.ഗുസ്തി ഫെഡറേഷനെതിരായ തെരുവു സമരത്തിനും ഉപ്പൂറ്റിക്കേറ്റ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്കും ശേഷം ഗോദയിലേക്ക് തിരിച്ചെത്തിയ വിനേഷ് കഠിന പരിശീലനത്തിനൊടുവിലാണ് ഒളിമ്പിക് ബർത്ത് നേടിയെടുത്തത്. തന്റെ വെയ്റ്റ് കാറ്റഗറിയായ 53 കിലോയിൽ നേരത്തേതന്നെ അന്തിം പംഗൽ ക്വാട്ട ബർത്ത് നേടിയതിനാൽ വിനേഷ് ശരീരഭാരം കുറച്ച് 50 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.
നിഖാത് സരിൻ
ബോക്സിംഗ്
എം. സി മേരികോമിന്റെ യഥാർത്ഥ പിൻഗാമിയാകാൻ നിഖാത് സരിന് ഒരു ഒളിമ്പിക് മെഡൽ വേണം. രണ്ട് തവണ ലോക ചാമ്പ്യനായ നിഖാത്ത് കഴിഞ്ഞ രണ്ട് വർഷമായി റിംഗിൽ മികച്ച ഫോമിലാണ്. എലോർദ കപ്പിൽ സ്വർണം നേടി തികഞ്ഞ ആത്മ വിശ്വാസത്തിലാണ് .
ലവ്ലിന ബോർഗോഹെയ്ൻ
ബോക്സിംഗ്
ടോക്യോയിൽ നേടിയ വെങ്കലമെഡൽ ഉയർത്താനുള്ള ശ്രമത്തിലാണ് ലവ്ലിന. ചെക് റിപ്പബ്ളിക്കിൽ നടന്ന ഗ്രാൻപ്രീ ടൂർണമെന്റിൽ വെള്ളി മെഡൽ നേടി മികച്ച തയ്യാറെടുപ്പിലാണ് .
പി.വി. സിന്ധു
ബാഡ്മിന്റൺ
റിയോയിൽ വെള്ളിയും ടോക്യോയിൽ വെങ്കലവും നേടിയ സിന്ധുവിന് ഒളിമ്പിക് സ്വർണം നേടാനുള്ള അവസാന അവസരമാകും പാരീസ് . കരിയറിന്റെ അവസാന ഘട്ടത്തിലാണ് സിന്ധു. അത്ര മികച്ച ഫോമിലുമല്ല. എങ്കിലും വലിയ പോരാട്ടങ്ങളിൽ മികവിലേക്ക് ഉയരാനുള്ള കഴിവാണ് സിന്ധുവിലെ പ്രതീക്ഷകൾക്ക് കാരണം. പുതിയ പരിശീലകൻ ആഗസ് ദ്വി സാന്റോസിനൊപ്പമാണ് സിന്ധു ഒളിമ്പിക്സിന് ഇറങ്ങുന്നത്.
മീരാഭായ് ചാനു
വെയ്റ്റ്ലിഫ്ടിംഗ്
ടോക്യോയിലെ വെള്ളിമെഡൽ നേട്ടത്തിന് ശേഷം പരിക്കിന്റെ പിടിയിലായിരുന്ന ചാനു ഒളിമ്പിക്സിനായി ഏറെ കരുതലോടെയാണ് പരിശീലിക്കുന്നത്. സ്നാച്ചിൽ 90 കിലോ ഉയർത്തുക എന്ന ലക്ഷ്യമാണ് ചാനുവിനുള്ളത്. സ്നാച്ചിലും ക്ളീൻ ആൻഡ് ജർക്കിലും കൂടി 200-210 കിലോ ഉയർത്താനായാൽ പാരീസിലും മെഡൽ നേടാനാകും .
അതിഥി അശോക്
ഗോൾഫ്
കഴിഞ്ഞ ഒളിമ്പിക്സിൽ ആദ്യ ദിവസങ്ങളിൽ ലീഡ് ചെയ്തിരുന്ന അതിഥി അവസാന ഘട്ടത്തിലാണ് നാലാം സ്ഥാനത്തായി പോയത്. ഗോൾഫ് കോഴ്സിൽ നിന്ന് 300 കിലോമീറ്ററോളം ദൂരെയായിരുന്നു അന്ന് അതിഥിയുടെ താമസം. ദിവസം എട്ടുമണിക്കൂറോളം യാത്ര ചെയ്യേണ്ടിവന്നത് പ്രകടനത്തെ ബാധിച്ചിരുന്നു. ഇത്തവണ മത്സരവേദിക്ക് അടുത്തുതന്നെ താമസം ഒരുക്കിയിട്ടുണ്ട്.
പുരുഷ ഹോക്കി ടീം
നിലവിലെ വെങ്കലമെഡൽ ജേതാക്കളായ ഇന്ത്യ പാരീസിൽ പ്രാഥമിക റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം,കരുത്തരായ ഓസ്ട്രേലിയ, അർജന്റീന,ന്യൂസിലാൻഡ്,അയർലാൻഡ് എന്നിവർക്കൊപ്പം പൂൾ ബിയിലാണ് മത്സരിക്കുക. ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹർമൻപ്രീത് സിംഗാണ്. മലയാളിയായ പി.ആർ ശ്രീജേഷാണ് ഗോൾ കീപ്പർ.